'സുഹൃത്തിനെ മാക്‌സിമം വെളുപ്പിച്ചെടുക്കണം കേട്ടോ'; രാഹുലിനൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെ പി കെ ഫിറോസിന് രൂക്ഷവിമർശനം 

Saturday 16 May 2026 8:20 AM IST

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെൽഫി പോസ്റ്റ് ചെയ്‌ത നിയുക്ത എംഎല്‍എ പി കെ ഫിറോസിന് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമര്‍ശനം. പിണറായി സർക്കാരിനെതിരെ സമരം ചെയ്‌തതുമായി ബന്ധപ്പെട്ടുള്ള കേസിൽ വഞ്ചിയൂര്‍ കോടതിയിൽ ഹാജരായപ്പോള്‍ എടുത്ത ചിത്രമാണ് ഫിറോസ് പങ്കുവച്ചത്. ബലാത്സംഗ കേസിൽ പ്രതിയായി കോണ്‍ഗ്രസ് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒപ്പംനിർത്തി വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുകയാണ് എന്നതടക്കമുള്ള കമന്റുകൾ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.

'പിണറായി സർക്കാരിനെതിരെ സമരം ചെയ്‌തതിന്റെ പേരിലുള്ള കേസിന് ഇന്ന് വഞ്ചിയൂർ കോടതിയിൽ ഹാജരായി. പ്രിയ സുഹൃത്ത് രാഹുൽ മാങ്കൂട്ടത്തിൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച വിഷ്‌ണു മോഹൻ, ഉല്ലാസ് കോവൂർ, ഫാത്തിമ തെഹലിയ ഉൾപ്പടെ യുഡിഎസ്എഫിന്റെ സഹപ്രവർത്തകരും കേസിലെ പ്രതികളാണ്. സംസ്ഥാനത്തുടനീളം ഇക്കഴിഞ്ഞ പത്ത് വർഷമായി കേസിലകപ്പെട്ട ആയിരക്കണക്കിന് പ്രവർത്തകർക്ക് കള്ളക്കേസുകളിൽ നിന്നുള്ള മോചനം കൂടിയായിരിക്കും കേരളത്തിലെ ഭരണ മാറ്റം' - എന്നാണ് ചിത്രത്തിനൊപ്പം പി കെ ഫിറോസ് കുറിച്ചിരിക്കുന്നത്.

‘മൂന്ന് ബലാത്സംഗ, ഗർഭഛിദ്ര കേസ് പ്രതിയുമൊന്നിച്ച് സെൽഫി, ഭരണത്തിൽ എത്തിയാലുടൻ കേസുകളിൽ നിന്ന് കോടതി കുറ്റവിമുക്തനാക്കുമോ, തൊലിക്കട്ടി സമ്മതിക്കണം, ഇനി വിശുദ്ധൻ ആയി പ്രഖ്യാപിക്കുമോ, ഇതിനാണോ സ്ത്രീകൾ യുഡിഎഫിന് വോട്ട് ചെയ്‌തത്, കള്ളക്കേസ് എന്ന് പറയുമ്പോൾ രാഹുലിന്റെ കേസും ഇല്ലാതാകുമോ, മാക്‌സിമം വെളുപ്പിച്ചെടുക്കണം കേട്ടോ’ എന്നെല്ലാമാണ് കമന്റുകൾ.

പി കെ ഫിറോസിനെ കണ്ടത് രാഹുല്‍ മാങ്കൂട്ടത്തിലും റീലാക്കി പോസ്റ്റ് ചെയ്‌തിട്ടുണ്ട്. പി കെ ഫിറോസ് 'എംഎല്‍എ'യെ ആദ്യമായി കാണുകയാണ്, അപ്പോൾ തന്നെ റീൽസാക്കി, പ്രിയപ്പെട്ടവനെ എന്ന പേരിലാണ് റീല്‍ പോസ്റ്റ് ചെയ‌്‌തിരിക്കുന്നത്. ആലിംഗനം ചെയ്‌ത് സൗഹൃദം പങ്കിടുന്നതും ഒരുമിച്ച് നടക്കുന്നതുമാണ് റീലിലുള്ളത്.