'നിയമസഭാ സമ്മേളനത്തിൽ വന്ദേമാതരം മുഴുവൻ ഈരടികളും അവതരിപ്പിക്കാത്തത് എൽഡിഎഫ് നിലപാടിന്റെ വിജയം'

Friday 29 May 2026 4:38 PM IST

കോഴിക്കോട്‌: പതിനാറാമത് നിയമസഭയിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം ആലപിച്ചിരുന്നു. മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഴുവൻ വരികളും ആലപിച്ചെങ്കിലും ഇന്ന് നയപ്രഖ്യാപന പ്രസംഗത്തിന് മുമ്പ് ആറ് വരികൾ മാത്രമാണ് ആലപിച്ചത്. ഇതിൽ സന്തോഷം പ്രകടിപ്പിക്കുന്ന കുറിപ്പുമായി ബേപ്പൂർ എംഎൽഎയും സിപിഎം നേതാവുമായ പി എ മുഹമ്മദ് റിയാസ്. 'ഇന്ന് നിയമസഭാ സമ്മേളനത്തിൽ വന്ദേമാതരം മുഴുവൻ ഈരടികളും അവതരിപ്പിക്കാത്തത് LDF നിലപാടിന്റെ വിജയം. വന്ദേമാതരം മുഴുവൻ ഈരടികളും അവതരിപ്പിക്കാത്ത നിലപാടിനെ സ്വാഗതം ചെയ്യുന്നു. യുഡിഎഫ് സർക്കാരിന്റെ മുൻ നിലപാടിനെ തിരുത്തി ക്രിയാത്മക പ്രതിപക്ഷമാകാൻ എൽഡിഎഫിന് സാധിച്ചു.' റിയാസ് ഫേസ്‌ബുക്കിൽ കുറിച്ചു.

നേരത്തെ സത്യപ്രതിജ്ഞാ ദിനം വന്ദേമാതരം മുഴുവൻ ആലപിച്ചതിനെ റിയാസ് വിമർശിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്ഭവന്റെ ഭാഗത്തു നിന്നുണ്ടായ ചില നിർദ്ദേശങ്ങൾ തിരുത്താൻ കാണിച്ച ഇടപെടൽ വന്ദേമാതരത്തിന്റെ കാര്യത്തിലും ഉണ്ടാകണമായിരുന്നു. വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം സംസ്ഥാനങ്ങൾക്ക് ഒരു അഡ്വൈസറി മാത്രമാണെന്നും നിർബന്ധമല്ലെന്നും റിയാസ് പറഞ്ഞു. റിയാസിന്റെ അന്നത്തെ നിലപാടിനെ ബിജെപി വിമർശിച്ചിരുന്നു. വി മുരളീധരൻ എംഎൽഎയാണ് അദ്ദേഹത്തെ വിമർശിച്ചത്. റിയാസിന്റേത് പാർട്ടി നിലപാടാണോ എന്നത് പാർട്ടി സെക്രട്ടറി തുറന്നുപറയണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.