മത്സ്യപ്രിയർക്ക് സന്തോഷ വാർത്ത,​ മലയാളികളുടെ പ്രിയപ്പെട്ട മത്തി തിരിച്ചെത്തുന്നു

Thursday 21 May 2026 12:24 AM IST

കൊടുങ്ങല്ലൂർ: കനത്ത വേനൽച്ചൂടിൽ കടലിൽനിന്ന് അപ്രത്യക്ഷമായ മത്തി (ചാള) വീണ്ടും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വലകളിൽ നിറയുന്നു. വേനൽ കടുത്തതോടെ മാസങ്ങളായി തീരക്കടലിൽ മത്തി ലഭ്യമല്ലാതായി. മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾ വെറും കൈയോടെ മടങ്ങുന്നതും പതിവായി. തുടർന്ന് പലരും കടലിൽ പോകുന്നത് നിറുത്തിവച്ചിരുന്നു. ഇതോടെ വിപണിയിൽ മീൻവില കുത്തനെ ഉയരുകയും ചെയ്തു. കടലിൽ ചൂട് കൂടിയതോടെ കൂട്ടമായി സഞ്ചരിക്കുന്ന മത്തി, ഉൾക്കടലിലേക്ക് വലിഞ്ഞതാണ് മുൻപ് ലഭ്യത കുറയാൻ കാരണം. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴയെ തുടർന്ന് അന്തരീക്ഷത്തിലെയും കടലിലെയും ചൂട് കുറഞ്ഞതോടെ മത്തി വീണ്ടും തീരക്കടലിലേക്ക് മടങ്ങി എത്തിയതാണ് മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായത്. ജൂൺ ആദ്യവാരം ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വരുന്നതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് സീസൺ ആരംഭിക്കും.

വലുപ്പമേറിയ മത്തിയിൽ പ്രതീക്ഷ

സാധാരണയായി ചൂട് കൂടുമ്പോൾ മത്തി കേരള തീരം വിട്ട് പോകാറാണ് പതിവ്. മാത്രമല്ല, മത്തിയിടുന്ന മുട്ടകളിൽ പകുതിയോളം കനത്ത ചൂടിൽ നശിച്ചുപോകാറുണ്ടെന്നും പറയുന്നു. മുൻപ് ലഭിച്ചിരുന്ന മത്തിക്ക് 10 മുതൽ 12 സെന്റീമീറ്റർ വരെ മാത്രമായിരുന്നു വലുപ്പം. മാർക്കറ്റിൽ ഇവയ്ക്ക് വിലയും കുറവാണ്. ഇതോടെ തൊഴിലാളികളും പ്രതിസന്ധിയിലായിരുന്നു. എന്നാൽ ഇപ്പോൾ ലഭിക്കുന്നത് 15 സെന്റീമീറ്റർ വരെ നീളമുള്ള വലിപ്പമുള്ള മത്തിയാണ്. നിലവിൽ കിലോയ്ക്ക് 200 രൂപയ്ക്കാണ് ഇതിന്റെ വിൽപ്പന.