ഇവിടെ ഗ്യാസ് ഇല്ലെങ്കിലും നോ പ്രോബ്ലം; ചായയ്ക്ക് 10 രൂപ മാത്രം, രഹസ്യം പങ്കുവച്ച് സുനിൽ

Thursday 21 May 2026 12:37 AM IST

കൊരട്ടി: പാചകവാതക വിലക്കയറ്റത്തിൽ അടുക്കള പുകയുമ്പോൾ, ഇന്ധനച്ചെലവ് കുറച്ച് ന്യായവിലയ്ക്ക് ചായയും പലഹാരങ്ങളും നൽകി സുനിൽ. ഈർച്ചപ്പൊടി (അറക്കപ്പൊടി) ഉപയോഗിച്ച് പ്രവർത്തിക്കുന്ന പരമ്പരാഗത അടുപ്പാണ് സുനിലിന്റെ കൊരട്ടി പഞ്ചായത്ത് ഓഫീസിന് സമീപത്തെ ചായക്കടയിലെ പ്രധാന 'ഇന്ധനം'. കുറഞ്ഞ ചെലവിൽ പാചകം സാധ്യമാകുന്നതോടെയാണ് ഒരു ഗ്ലാസ് ചായയ്ക്ക് 10 രൂപ മാത്രം ഈടാക്കുന്നത്. തൊട്ടടുത്ത മരക്കമ്പനികളിൽ നിന്ന് ലഭിക്കുന്ന ഈർച്ചപ്പൊടിയും പച്ചക്കറി മാർക്കറ്റുകളിൽ നിന്ന് കിട്ടുന്ന തക്കാളിപ്പെട്ടികളുമാണ് അടുപ്പ് കത്തിക്കാൻ ഉപയോഗിക്കുന്നത്. പ്രത്യേകം തയാറാക്കിയ തകരയടുപ്പിൽ ഈർച്ചപ്പൊടി കൃത്യമായി നിറച്ച് കത്തിക്കുന്ന ജോലികളെല്ലാം 56കാരനായ സുനിൽ തന്നെയാണ് ചെയ്യുന്നത്. ന്യായവിലയും തനത് രുചിയും കാരണം കൊരട്ടിയിലെ നിരവധി നാട്ടുകാരാണ് ദിവസവും സുനിലിന്റെ കടയിൽ സ്ഥിരമായി എത്തുന്നത്. ഒപ്പം സുനിൽ സ്വന്തമായി തയ്യാറാക്കുന്ന ചെറുകടികളും ന്യായമായ വിലയിൽ തന്നെയാണ് കച്ചവടം ചെയ്യുന്നത്. കുട്ടിക്കാലത്ത് അറക്കപ്പൊടി അടുപ്പ് ഉപയോഗിച്ചിരുന്ന ഓർമ്മയിൽ നിന്നാണ് ആധുനിക കാലത്തും സുനിൽ ഈ രീതി പരീക്ഷിച്ചത്. ചായ തയാറാക്കുന്ന സമോവറിന് പുറമെ, പാൽ തിളപ്പിക്കുന്നതിനും ഇത്തരത്തിലുള്ള മറ്റൊരു അടുപ്പുകൂടി സജ്ജീകരിച്ചിട്ടുണ്ട്.

33 വർഷത്തെ പാരമ്പര്യം

1970കളിൽ മധുരാ കോട്‌സ് തൊഴിലാളിയായിരുന്ന പിതാവ് കൊച്ചത്ത് ശങ്കരൻ തുടങ്ങിയതാണ് ഈ ചായക്കട. പിന്നീട് ഇളയ മക്കളായ അനിലും വിനോദും നടത്തിയിരുന്ന കട, കഴിഞ്ഞ 33 വർഷമായി സുനിലിന്റെ മേൽനോട്ടത്തിലാണ്. ഭാര്യ ഷീബയും പിന്തുണയുമായി ഒപ്പമുണ്ട്. ചായയ്ക്കും കടികൾക്കും പുറമെ, നാടൻ രീതിയിൽ കൃഷി ചെയ്‌തെടുക്കുന്ന പച്ചക്കറികളും സുനിലിന്റെ കടയിൽ വിൽപ്പനയ്ക്കുണ്ട്.

ഗ്യാസിന് വില കൂടുമ്പോഴും ആളുകൾക്ക് ന്യായവിലയ്ക്ക് ചായ കൊടുക്കണം. അതിനാണ് ഈ പഴയ വഴി തിരഞ്ഞെടുത്തത്. ചെലവ് കുറവായതിനാൽ 10 രൂപയ്ക്ക് ചായ നൽകാൻ സാധിക്കുന്നുണ്ട്.' സുനിൽ