എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷണം കഴിച്ചുപോയോ? നിങ്ങൾക്ക് എന്ത് സംഭവിക്കും, ചെയ്യേണ്ട കാര്യങ്ങൾ
ഭക്ഷണത്തിന്റെ പോഷകഗുണങ്ങൾ നോക്കുന്നതുപോലെ പ്രധാനമാണ് അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുകയെന്നത്. ഭക്ഷണം പാഴാക്കുന്നതിന് പകരമായി എക്സ്പയറി ഡേറ്റിൽ വിട്ടുവീഴ്ച ചെയ്യുന്നവർ നമുക്കിടയിൽ കുറവല്ല. എന്നാൽ എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷണം കഴിക്കുന്നത് ഒട്ടും സുരക്ഷിതമല്ല. പാക്കറ്റുകളിൽ നൽകിയിരിക്കുന്ന തീയതികൾ ആഹാരത്തിന്റെ ഗുണനിലവാരത്തെയും സുരക്ഷിതത്വത്തെയുമാണ് സൂചിപ്പിക്കുന്നത്. എല്ലാ ഭക്ഷണ പദാർത്ഥങ്ങൾക്കും അത് സുരക്ഷിതമയി ഉപയോഗിക്കാൻ ഒരു നിശ്ചിത സമയമുണ്ട്.
എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷണത്തിൽ ബാക്ടീരിയ, ഫംഗസ് എന്നിവ അതിവേഗം പെരുകാനും, വിഷാംശം ഉണ്ടാകാനും സാദ്ധ്യതയുണ്ട്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. കേടായ ഭക്ഷണത്തിൽ ഉണ്ടാകുന്ന സാൽമൊണെല്ല, ഇ-കോളി തുടങ്ങിയ ബാക്ടീരിയകൾ ഛർദ്ദി, വയറിളക്കം, പനി എന്നിവയ്ക്ക് കാരണമാകുന്നു. കാലാവധി കഴിയുന്നതോടെ ഭക്ഷണത്തിലെ ജീവകങ്ങളും പോഷകങ്ങളും നഷ്ടപ്പെടുന്നു. പാക്കറ്റ് ഭക്ഷണങ്ങളിലും ടിന്നിലടച്ച ഭക്ഷണങ്ങളിലും കാലപ്പഴക്കം മൂലം രാസമാറ്റങ്ങൾ സംഭവിക്കാം. ഇതിലൂടെ ഭക്ഷണത്തിന്റെ സ്വാദ്, മണം, ഘടന എന്നിവ മാറി ഉപയോഗശൂന്യമായിത്തീരുന്നു. ദുർഗന്ധം, നിറവ്യത്യാസം, പൂപ്പൽ എന്നിവയുള്ള ഒരു ഭക്ഷണവും കഴിക്കാൻ പാടില്ല. വീർത്തതോ, ചോർച്ചയുള്ളതോ, തുരുമ്പിച്ചതോ ആയ ടിന്നിലടച്ച ഭക്ഷണങ്ങൾ ഉപയോഗിക്കുന്നത് ശരീരത്തിന് ഹാനികരമാണ്.
പായ്ക്ക് ചെയ്ത ഭക്ഷണ പദാർത്ഥങ്ങളിൽ അത് എന്നുവരെ ഉയോഗിക്കാം എന്നത് രേഖപ്പെടുത്തിയിട്ടുണ്ടാകും. എന്നാൽ പായ്ക്ക് ചെയ്യാതെ നാം വാങ്ങി ഉപയോഗിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ എപ്പോൾ വരെ ഉപയോഗിക്കാം എന്ന കാര്യത്തിൽ പലപ്പോഴും സംശയമുണ്ടാകാറുണ്ട്. ഇത്തരത്തിലുളളവയിൽ പൂപ്പലോ,കീടങ്ങളോ ഉണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. മാത്രമല്ല നിറ വ്യത്യാസം, മണത്തിലുള്ള വ്യത്യാസം ഇവയൊന്നുമില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
പാൽ, ഇറച്ചി, മുട്ട, മയോണൈസ്, പനീർ തുടങ്ങിയവ എക്സ്പയറി ഡേറ്റ് കഴിഞ്ഞാൽ പൂർണമായും ഒഴിവാക്കണം. ഇവയിൽ വളരെ പെട്ടെന്ന് ബാക്ടീരിയകൾ ഉണ്ടാകാൻ ഇടയുണ്ട്. ഇനി അറിയാതെ ഇത്തരത്തിലുള്ള ഭക്ഷണം കഴിച്ചാലും പേടിക്കേണ്ടതില്ല. ധാരാളം വെള്ളം കുടിക്കുകയും ആവശ്യമെങ്കിൽ വൈദ്യസഹായം തേടുകയുമാണ് ചെയ്യേണ്ടത്. നിർജലീകരണം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.