വെറും ജ്യൂസിൽ മാത്രം ഒതുക്കല്ലേ; പരീക്ഷിക്കാം നാവിൽ വെള്ളമൂറുന്ന അഞ്ച് മാംഗോ ഡെസേർട്ടുകൾ

Tuesday 26 May 2026 4:31 PM IST

മാമ്പഴത്തിന്റെ മധുരവും സുഗന്ധവും ഇഷ്ടപ്പെടാത്തവരായി ആരുമില്ല. കഷ്ണങ്ങളാക്കി കഴിക്കുന്നതിനും ജ്യൂസ് അടിച്ചു കുടിക്കുന്നതിനുമപ്പുറം ഏറെ ശ്രദ്ധേയമായ ചില ഡെസേർട്ടുകളിലൂടെയും മാമ്പഴത്തെ കൂടുതൽ രുചികരമാക്കാം. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.

മാംഗോ സ്റ്റിക്കി റൈസ്

തായ്‌ലൻഡിന്റെ പരമ്പരാഗത ഡെസേർട്ട് ആണ് മാംഗോ സ്റ്റിക്കി റൈസ്. നല്ല സുഗന്ധമുള്ള തേങ്ങാപ്പാലിൽ വേവിച്ചെടുത്ത ഒട്ടിപ്പിടിക്കുന്ന ചോറും, നന്നായി പഴുത്ത മാമ്പഴക്കഷ്ണങ്ങളും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ഇതിന് മുകളിലേക്ക് ഒഴിക്കുന്ന ചെറുചൂടുള്ള തേങ്ങാപ്പീര ക്രീം കൂടിയാകമ്പോൾ മധുരത്തിന്റെയും പരുപരുപ്പിന്റെയും അപൂർവ്വ രുചിക്കൂട്ടാണ് സമ്മാനിക്കുക.

മാംഗോ ടാർട്ട് ഫ്രഞ്ച് പേസ്ട്രി ശൈലിയിലുള്ള ഒരു ആഡംബര വിഭവമാണിത്. വെണ്ണ ചേർത്തുണ്ടാക്കിയ മൊരിഞ്ഞ ടാർട്ട് ഷെല്ലിനുള്ളിൽ പട്ടപോലെ മൃദുവായ മാംഗോ കസ്റ്റാർഡ് നിറയ്ക്കുന്നു. ഇതിന് മുകളിൽ തിളങ്ങുന്ന മാമ്പഴക്കഷ്ണങ്ങൾ കൂടി നിരത്തുന്നതോടെ കാഴ്ചയിലും രുചിയിലും ഇത് ഏറെ ആകർഷകമാകുന്നു.

മാംഗോ മക്രോൺസ്

ഫ്രഞ്ച് വിഭവമായ മക്രോൺസിന് ഒരു ട്രോപ്പിക്കൽ ടച്ച് നൽകിയ രൂപമാണിത്. ബദാം പൊടി ചേർത്തുണ്ടാക്കുന്ന ലളിതമായ മക്രോൺ ഷെല്ലുകൾക്കുള്ളിൽ, മാമ്പഴവും വൈറ്റ് ചോക്ലേറ്റും ചേർത്ത ക്രീം നിറച്ചാണ് ഇത് തയ്യാറാക്കുന്നത്.

റോ മാംഗോ പേസ്ട്രി

പച്ചമാങ്ങയുടെ പുളിപ്പും മധുരവും ഇഷ്ടപ്പെടുന്നവർക്കായുള്ള പ്രത്യേക വിഭവമാണിത്. പച്ചമാങ്ങ കൊണ്ടുണ്ടാക്കിയ പുളിയുള്ള ജാം , മൃദുവായ വാനില സ്‌പോഞ്ച് കേക്ക്, ക്രീം എന്നിവ ലെയറുകളായി ചേർത്താണ് ഈ പേസ്ട്രി ഉണ്ടാക്കുന്നത്. മധുരവും പുളിപ്പും കൃത്യമായ അളവിൽ ചേർന്ന റോ മാംഗോ പേസ്ട്രിയുടെ രുചി തികച്ചും വ്യത്യസ്തമായ അനുഭവമാണ്.

മാംഗോ ബോൺ ബോൺസ്

നല്ല തിളങ്ങുന്ന ചോക്ലേറ്റ് ഷെല്ലുകൾക്കുള്ളിൽ പട്ടപോലുള്ള മാംഗോ ഗനാഷ് നിറച്ച ചെറിയ ചോക്ലേറ്റ് മിഠായികളാണിവ. ആൽഫോൺസോ മാമ്പഴത്തിന്റെ തനത് രുചിയെ ഒരു കലാരൂപം പോലെ ചെറിയ ബൈറ്റുകളാക്കി മാറ്റിയ ഒന്നാണിത്. ഈ മാമ്പഴക്കാലത്ത് മാമ്പഴ ജ്യൂസുകളിൽ മാത്രം ഒതുങ്ങാതെ, വീട്ടിൽ പരീക്ഷിക്കാനും അതിഥികൾക്ക് നൽകാനും പറ്റിയ മികച്ച ചോയ്സുകളാണ് ഇവയോരോന്നും.