അടുക്കളയിലെ ഈച്ച ശല്യം കാരണം പൊറുതിമുട്ടിയോ? പരീക്ഷിക്കാം ഈ പൊടിക്കൈകൾ
വീടിനകത്തെ സ്വസ്ഥത കെടുത്തുന്ന പ്രധാന ശല്യക്കാരിൽ ഒന്നാണ് ഈച്ചകൾ. പ്രത്യേകിച്ച് മഴക്കാലത്ത്. ഈ ചെറിയ ജീവികൾ കേവലം ശല്യക്കാർ മാത്രമല്ല പലതരം രോഗാണുക്കളെ വഹിക്കുകയും അവ നമ്മുടെ ഭക്ഷണത്തിലുൾപ്പെടെ നിക്ഷേപിക്കുകയും ചെയ്യുന്നു. പലതരം രോഗങ്ങൾക്ക് കാരണക്കാരാകുന്ന ഈച്ചകളെ അകറ്റാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നതിനോട് പലർക്കും താൽപര്യമുണ്ടാകില്ല.പ്രത്യേകിച്ച് കുട്ടികളും വളർത്തുമൃഗങ്ങളും ഉള്ള വീടുകളിൽ. ഇവിടെയാണ് പ്രകൃതിദത്തമായ പ്രതിവിധികളുടെ പ്രസക്തയേറുന്നത്. നമ്മുടെ അടുക്കളയിൽ എപ്പോഴും ലഭ്യമായ ചില വസ്തുക്കളും പൊടിക്കൈകളും ഉപയോഗിച്ച് ഈച്ചകളെ ഫലപ്രദമായി തുരത്താൻ സാധിക്കും.
വിനാഗിരി
ഒരു ചെറിയ പാത്രത്തിൽ അൽപം ആപ്പിൾ സിഡർ വിനാഗിരി എടുക്കുക. ഇതിലേക്ക് ഒരു തുള്ളി ഡിഷ് വാഷിംഗ് ലിക്വിഡ് ചേർക്കാം. ഈ പാത്രം ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് അടച്ച്, ഈച്ചകൾക്ക് കടക്കാൻ കഴിയുന്നത്ര ചെറിയ സുഷിരങ്ങൾ ഇടണം. വിനാഗിരിയുടെ ഗന്ധം കാരണം ഈച്ചകൾ സുഷിരങ്ങൾ വഴി അകത്ത് കടക്കുകയും ഡിഷ് ലിക്വിഡ് കാരണം ലായനിയിൽ കുടുങ്ങുകയും ചെയ്യും. പിന്നീട് ആവയ്ക്ക തിരിച്ച് ഇറങ്ങാൻ കഴിയില്ല.
കർപ്പൂരവും തുളസിയും
അടുക്കളയിലും മറ്റ് മുറികളിലും കർപ്പൂരം കത്തിക്കുന്നത് ഈച്ചകളെ അകറ്റാൻ സഹായിക്കും. അതുപോലെ ജനലുകൾക്കരികിലോ വാതിലുകൾക്കരികിലോ തുളസിയില വയ്ക്കുന്നത് ഈച്ചകൾ വീടിനകത്തേക്ക് പ്രവേശിക്കുന്നത് തടയാൻ സഹായിക്കും. തുളസിയുടെ ഗന്ധം ഈച്ചകൾക്ക് അസഹനീയമാണ്.
നാരങ്ങയും ഗ്രാമ്പൂവും
ഒരു നാരങ്ങ രണ്ടായി മുറിക്കാം. മുറിച്ച നാരങ്ങയുടെ പകുതികളിൽ അഞ്ചോ ആറോ ഗ്രാമ്പൂ കുത്തിവയ്ക്കാം. ഇത് ഈച്ചകൾ അധികമുള്ള സ്ഥലങ്ങളിൽ വയ്ക്കാം. നാരങ്ങയുടെയും ഗ്രാമ്പൂവിന്റെയും ഗന്ധം ഈച്ചകൾക്ക് അസഹനീയമാണ്.
ശുചിത്വം പ്രധാനം
ഈച്ചശല്യം പൂർണ്ണമായും ഒഴിവാക്കാൻ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷ്യവസ്തുക്കൾ തുറന്നു വയ്ക്കാതിരിക്കുക. മാലിന്യം കൃത്യമായി നിർമാർജ്ജനം ചെയ്യണം. ഇങ്ങനെ ചെയ്യുന്നതുവഴി ഈച്ച ശല്യം കുറയ്ക്കാൻ സാധിക്കും.