സ്വാമി അവ്യയാനന്ദ / അകവും പുറവും കവിയുന്ന ദർശന മധുരം
സ്വതവേ മറ്റൊന്നും ഇല്ലാത്തവരാണെങ്കിൽ പോലും അറിവുള്ളവർ എല്ലാ സൗഭാഗ്യങ്ങൾക്കും മുകളിലായി ഭവിക്കുന്നു എന്ന് ഋഷികവിയായ തിരുവള്ളുവർ ഓർമ്മിപ്പിക്കുന്നു. അക്കൂട്ടർക്ക് എല്ലാറ്റിന്മേലും ആധിപത്യം ഉറയ്ക്കുന്നു. എന്നാൽ എന്തൊക്കെ എത്രയൊക്കെ ഉണ്ടായാലും അവിവേകികൾ ശുദ്ധശൂന്യന്മാർ തന്നെ. ധനത്തെക്കാൾ മൂല്യവത്തായത് അറിവാണ്. വ്യാഖ്യാനങ്ങൾക്കും നിർവചനങ്ങൾക്കും അപ്പുറമാണ് അറിവിന്റെ സന്നിധി. 'അറിവ്" എന്ന പേരിൽ വലംവയ്ക്കുംതോറും പൊരുളും മാഹാത്മ്യവും തെളിയുന്ന അറിവിനെപ്പറ്റി ശ്രീനാരായണഗുരു രചിച്ച കവിത എത്ര ഉദാത്തമാണ്. 'തീർത്ഥാടന പാഥേയം" എന്ന സ്വാമി അവ്യയാനന്ദയുടെ ലഘുവെങ്കിലും ബൃഹത്തായ ചിന്തകളുടെ ശൃംഗം നമ്മെ വിസ്മയിപ്പിക്കുന്നു. മനുഷ്യരാശിയുടെ പ്രയാണം അവിനാശിയായ അറിവിന്റെ പർവതത്തിലേക്കായിരിക്കണം. അവിടെ ഇറക്കങ്ങളില്ല. കയറ്റങ്ങളേയുള്ളു. കയറാനുള്ള ആ കുന്നിന്റെ പേര് ശിവഗിരി എന്ന് സാരവത്തായ ചിന്തകളുടെ മഹാതീർത്ഥാടകനായ സ്വാമി സ്ഥാപിക്കുന്നു. വെറും സ്ഥാപിക്കലല്ല. ഗുരുദർശനങ്ങളിലൂടെയും ഗുരുസൂക്തങ്ങളിലൂടെയുമുള്ള ബലവത്തായ സ്ഥാപിച്ചെടുക്കൽ തന്നെ. ശിവഗിരിയെ വലം വച്ചാൽ കൈലാസ പരിക്രമണം തന്നെയെന്ന് ഈ മഹാത്മാവ് വിശ്വസിക്കുന്നു. ശിവഗിരിയെ അറിഞ്ഞാൽ മഹാഗുരുവിനെ ആഴത്തിലും ഉയരത്തിലും അറിയുന്നതിന് തുല്യം. സ്വാമി അവ്യയാനന്ദയുടെ കൃതികൾ പേരിലും ഉള്ളടക്കത്തിലും കവിതയോട് തൊട്ടുരുമ്മി നിൽക്കുന്നു. ശിവഗിരിയിലെ ഒരു സന്യാസിവര്യൻ എന്നതിനപ്പുറം ഋഷികവി മനസിലൂടെയാണ് അദ്ദേഹം ലോകത്തെ ദർശിക്കുന്നതെന്നു പറയാം. സന്യാസം സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ സ്വാമി അവ്യയാനന്ദ കവിതയുടെ പാഥേയവുമായി സഞ്ചരിക്കുമായിരുന്നു. ഗദ്യത്തിലൂടെ തന്റെ ചിന്തകൾ പങ്കുവയ്ക്കുമ്പോഴും കവിതയുടെ കുടമുല്ലപ്പൂമണം അതിൽ നിന്ന് പ്രസരിക്കുന്നു. അറിവിന്റെ സംഘനൃത്തം മുതൽ ശിവഗിരി തീർത്ഥാടകന്റെ വഴിത്താരകൾ വരെയുള്ള പത്തൊമ്പതു ചിന്താഖണ്ഡങ്ങളിലൂടെ മനസ് കൊണ്ട് സഞ്ചരിക്കുമ്പോൾ നമുക്കും ആ സുഗന്ധം അനുഭവിക്കാനാകുന്നു. തീർത്ഥ മനസ്, സ്നേഹമേഘം, സ്നേഹമഞ്ഞയുടെ ദിവ്യതീർത്ഥം, സകല സമയികൾക്കുമായി ഒരു തീർത്ഥാടനം, തീർത്ഥാടനത്തിന്റെ കുളിർമതിസ്പർശം തുടങ്ങിയ തലവാചകങ്ങൾക്കുമുണ്ട് കവിതയുടെ നിലാസ്പർശം. ശ്രീനാരായണ ഗുരുദേവനെ നെഞ്ചിലേറ്റി ഉൾപ്പുളകത്തോടെ സാഹിത്യാസ്വാദനത്തോടെ ജീവിതം നയിക്കുന്ന ഒരു സന്യാസിയാണ് സ്വാമി അവ്യയാനന്ദയെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രസാധകക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. സ്വാമിയുടെ അകവും പുറവും ഒരുപോലെ നിറഞ്ഞുനിൽക്കുന്നത് സാഹിത്യമാണ്. എഴുതുമ്പോൾ മാത്രമല്ല സംസാരിക്കുമ്പോഴും എല്ലാം ശാരദാദേവിയുടെ വരപ്രസാദം സ്വാമിയിൽ പ്രകാശിച്ചുനിൽക്കുന്നതായി കാണാം എന്ന വിലയിരുത്തലും പൂർണമായി ശരിയാണെന്ന് അവ്യയാനന്ദ സ്വാമിയെ വായിക്കുമ്പോഴും അദ്ദേഹത്തിന്റെ രചനകൾ നിരീക്ഷിക്കുമ്പോഴും ബോദ്ധ്യപ്പെടും. ഗുരുദേവൻ ഇരുന്നയിടങ്ങളെല്ലാം തീർത്ഥങ്ങളായത് നിരന്തരമായ അന്വേഷണ മനനങ്ങളുടെ പരിണതിയിലാണ്. തന്മയീ ഭാവമാണത്. അതോടെ സാധന പൂർണമാകുന്നു. ഇവിടെയാണ് ജ്ഞാനം. ജ്ഞാനത്തിന്റെ ഫലശ്രുതിയിലാണ് ഏകതയുടെ തിരുമിഴി വിടരുന്നത്. അവ്യയാനന്ദസ്വാമിയുടെ മനസിലെ കവിയും ചിന്തകനും ഇവിടെ മുഖാമുഖം നോക്കി മന്ദഹസിക്കുന്നത് നമുക്ക് നേരിൽ കാണാനാകും. വർഷംതോറും സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് ഗുരുഭക്തർ ശിവഗിരിയിലേക്ക് ഒഴുകുന്നു. സമാധിക്കു മുന്നിൽ നിറകണ്ണുകളോടെ നിൽക്കുന്നു. ശാരദാദേവിക്കു മുന്നിൽ നിന്ന് ഹൃദയം കൊണ്ട് പ്രാർത്ഥിക്കുന്നു. വീണ്ടും അടുത്ത തീർത്ഥാടനത്തിന് വരാനായി അവർ മടങ്ങുമ്പോഴും ശിവഗിരിയിൽ നിന്ന് അവർ സ്വന്തമാക്കിയതെന്തെന്ന് അവർക്കു തന്നെ നിശ്ചയമുണ്ടാകില്ല. മനസിനെ ആർദ്രമാക്കുന്ന ഗുരുദർശനത്തിന്റെ കൽക്കണ്ടം അവർ നുണഞ്ഞിറക്കിയിട്ടുണ്ടാകും. തങ്ങൾ വലം വച്ച ശിവഗിരി ജീവിതപാഠങ്ങൾ അരുളിയ ഗുരുപഥം തന്നെയെന്ന് മനസിലാക്കിയിട്ടുണ്ടാകാം. മഹാതീർത്ഥാടനം ജീവിതവിജയത്തിലേക്കും ഹൃദയവിശാലതയിലേക്കും സഞ്ചരിക്കണമെന്ന് അവ്യയാനന്ദ സ്വാമി താല്പര്യപ്പെടുന്നു. അതിനുള്ള അക്ഷരപാഥേയമാണ് പരിഷ്ക്കരിച്ച ഈ രണ്ടാം പതിപ്പ്. ശിവഗിരിയുടെ താഴ്വരയിൽ സ്വാമിയുടെ ആദ്യപുസ്തകം. ശിവഗിരി നമ്മുടെ പുണ്യതീർത്ഥം, അനന്തതയുടെ തിരുനടയിൽ, ദൈവദശകം വ്യാഖ്യാനം, സ്വാനുഭവഗീതി വ്യാഖ്യാനം തുടങ്ങിയ രചനകളിലെല്ലാം സ്വാമിയുടെ ദർശനമധുരം പുരണ്ടവ. 2013-ൽ പുറത്തിറങ്ങിയ ആദ്യ പതിപ്പിൽ മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട കഥാകാരൻ സി. രാധാകൃഷ്ണന്റെ അവതാരികയുണ്ട്. 'രുചികരവും പോഷകവുമായ ഇതു കൈയിൽ കരുതുക" എന്ന തലക്കെട്ടിലുള്ള കാച്ചിക്കുറുക്കിയ അനുഗ്രഹമൊഴി അർത്ഥപൂർണമാണ്. ഗുരുദേവനെ ദശാബ്ദങ്ങളുടെ ധ്യാനത്തിലൂടെയും മനനത്തിലൂടെയും ആഴത്തിലറിഞ്ഞ അവ്യയാനന്ദ സ്വാമിക്ക് മൗനമാണ് ഏറ്റവും പ്രിയം. മന്ദഹാസത്തെളിമയുള്ള മൗനം. അതിനെ അക്ഷരങ്ങളിലൂടെ പകരുന്ന ദൗത്യം ഏറ്റവും വിശിഷ്ടം. അതു വായിച്ച് ശിവഗിരിയെയും ഗുരുവിനെയും തീർത്ഥാടനത്തെയും തൊട്ടടുത്തുനിന്ന് ദർശിക്കാൻ പര്യാപ്തമാണ് അദ്ദേഹത്തിന്റെ രചനകൾ. ലളിതവും കാവ്യസ്പർശവുമുള്ള ആ ശൈലി പുലരൊളിപോലെ പ്രസാദാത്മകമാണ്.