
വർഷസന്ധ്യതൻ സിന്ദൂരഭൂമിയിൽ
സ്വർണവാഹിനീ തരംഗതലങ്ങളിൽ
വർണമേഘങ്ങൾ ചാലിച്ചചായങ്ങൾ
അകലെയേതോ വിഭാത സ്വപ്നങ്ങളാൽ
അസ്തമയ സൂര്യൻ വിടചൊല്ലി നീങ്ങവേ
വിരഹമാരുതൻ മൂളുന്നയീണവും
ഹരിതവല്ലി തൻ ആനന്ദനൃത്തവും
കാത്തിരുന്നൊരാ വേഴാമ്പൽ നെഞ്ചകം
മേഘവർണനെ കനവുകാണുന്നതും
വിണ്ണിൽ നിന്നാർദ്ര ബിന്ദുക്കൾ താഴെയീ-
തപ്ത മണ്ണിതിൻ മാറിൽ വീണുരുകിയും
ഏറെ ദാഹിച്ച വസുധാധരങ്ങളിൽ
കുളിർ മഴത്തുള്ളി അമൃതമായ് പെയ്യവേ
പുൽക്കൊടിത്തുമ്പിൽ സ്നേഹമണി മുത്തുകൾ
സാന്ധ്യശോഭയിൽ മിന്നിത്തിളങ്ങവേ
വിശ്വപ്രകൃതിതൻ മിഴി നിറഞ്ഞൊഴുകുന്ന
ഹർഷബാഷ്പമാകാറ്റിൻ വിരലുകൾ
താളമിട്ടതീ രമ്യമാം രാഗത്തിൽ
മണ്ണും വിണ്ണും ലയിക്കുന്ന മാസ്മര
വശ്യമോഹനം ഋതുവർഷസന്ധ്യകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |