തെളിഞ്ഞ വെള്ളമൊഴുകിയ തോട്ടിൽ ഇപ്പോൾ ഓയിൽ പോലെ കറുത്ത മലിനജലം, ഒപ്പം അസഹ്യ ദുർഗന്ധവും, ആശങ്കയിൽ നാട്ടുകാർ

Monday 01 June 2026 2:02 PM IST

മാവേലിക്കര: ചെട്ടികുളങ്ങര പഞ്ചായത്തിന്റെ കിഴക്കൻ ഏരിയകളിൽ തോടുകളിലൂടെ കറുത്ത നിറമുള്ള മലിനജലങ്ങൾ ഒഴുകുന്നതായി പരാതി. തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്ന പ്രദേശവാസികൾ വലിയ ആശങ്കയിലാണ്. ഒഴുകുന്ന ജലത്തിൽ നിന്ന് അസഹ്യമായ ദുർഗന്ധം വമിക്കുന്നതായും ഓയിൽ പോലെയുള്ള ദ്രാവകത്തിന്റെ സാന്നിധ്യവും കാണുന്നതായി പ്രദേശവാസികൾ പറയുന്നു.

ഇതുമൂലം പ്രദേശത്ത് മലിനീകരണ ഭീഷണിയും ആരോഗ്യപ്രശ്നങ്ങളും ഉയരുമോയെന്ന ആശങ്കയും ശക്തമാണ്. സംഭവത്തെ തുടർന്ന് വാർഡ് മെമ്പറും ബി.ജെ.പി കിഴക്കൻ ഏരിയാ പ്രസിഡന്റ് ശ്രീകുമാർ, ഏരിയാ ജനറൽ സെക്രട്ടറി മനു രാജേഷ് കൊച്ചുവീട്ടിൽ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മലിനജലത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ആരോഗ്യവകുപ്പിന് പരിശോധനയ്ക്കായി നൽകാൻ തീരുമാനിച്ചതായും അറിയിച്ചു.

പ്രശ്നത്തിൽ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെട്ട് മലിനീകരണത്തിന്റെ ഉറവിടം കണ്ടെത്തി ശാശ്വത പരിഹാരം കാണണമെന്ന് ബിജെപി ചെട്ടികുളങ്ങര കിഴക്കൻ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.