പി.എസ്.സി പരീക്ഷാകേന്ദ്രത്തിൽ കബഡിചാമ്പ്യൻഷിപ്പ്, മത്സരം മുടങ്ങി
ആലപ്പുഴ : പി.എസ്.സി പരീക്ഷാകേന്ദ്രമായ സ്കൂളിലെ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സബ് ജൂനിയർ ജില്ലാ കബഡി ചാമ്പ്യൻഷിപ്പ് പാതിവഴിയിൽ മുടങ്ങി. മത്സരം പൂർത്തിയാക്കാൻ, ജില്ലയിലെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികളായ ടീമംഗങ്ങൾ കൊടുംവെയിലിൽ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വന്നു.
സ്പോർട്സ് കൗൺസിൽ നിയോഗിച്ച ടെക്നിക്കൽ കമ്മിറ്റിയാണ് കലവൂർ ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ ഇന്നലെ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. അരഡസൻ വീതം സബ് ജൂനിയർ ബോയ്സ് , ഗേൾസ് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കാനെത്തിയത്. രാവിലെ 8.30ന് മത്സരം ആരംഭിച്ചെങ്കിലും മൂന്ന് റൗണ്ട് പൂർത്തിയായതിന് പിന്നാലെ ഉച്ചയ്ക്ക് ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കുളള പി.എസ്.സി പരീക്ഷ നടക്കുന്നതിനാൽ വൈകുന്നേരം 3.30വരെ ഗ്രൗണ്ടിൽ മത്സരം നടത്തരുതെന്ന് സ്കൂൾ അധികൃതർ നിർദ്ദേശിച്ചു. ഗ്രൗണ്ടിന് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും കടുത്തവെയിലിൽ കുട്ടികളുമായി എവിടെ പോകുമെന്നറിയാതെ ടീം ലീഡർമാർ നിസഹായവസ്ഥ സ്കൂളുകാരെ അറിയിച്ചതോടെ ഗ്രൗണ്ടിലെ മരച്ചുവട്ടിൽ തങ്ങാൻ അനുവാദം നൽകി. തുടർന്ന് വൈകുന്നേരം 3.30 വരെ മരത്തണലിൽ കഴിഞ്ഞ ടീമംഗങ്ങൾക്ക് പരീക്ഷയ്ക്ക് ശേഷമാണ് മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത്. സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റിയുടെ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്നും ഇതിനെതിരെ സംസ്ഥാന സ്പോർട്സ് കൗൺസിലിനും കായികമന്ത്രിക്കും പരാതി നൽകുമെന്നും മത്സരാർത്ഥികൾ അറിയിച്ചു.