അമ്പലപ്പുഴയിൽ ടോക്കിംഗ് പാർലർ
അമ്പലപ്പുഴ: കൊല്ലം ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.പത്മകുമാർ ആലപ്പുഴ കേന്ദ്രീകരിച്ച് ആരംഭിക്കുകയും കേരളത്തിലുടനീളം സ്വീകാര്യത ലഭിക്കുകയും ചെയ്യുന്ന ഹെൽത്തി ഏജിംഗ് മൂവ്മെന്റിന്റെ ടോക്കിംഗ് പാർലർ അമ്പലപ്പുഴയിലും വിവിധ ഇടങ്ങളിൽ ആരംഭിച്ചു. വീടുകളിൽ ഒറ്റപ്പെട്ടവരെയും വാർദ്ധക്യത്തിന്റെ വിഷമതകൾ അനുഭവിക്കുന്നവരെയും ഒന്നിച്ചിരുത്തി വർത്തമാനം പറഞ്ഞും പാട്ടുപാടിയും സന്തോഷം പകർന്നും മാനസികാരോഗ്യം നിലനിർത്തി, ഉന്മേഷകരമായ,ഓർമ്മകൾക്ക് മങ്ങലേൽക്കാത്ത ജീവിതം പ്രദാനം ചെയ്യുക എന്നതാണ് ടോക്കിംഗ് പാർലർ കൂട്ടായ്മയുടെ ലക്ഷ്യം.
അമ്പലപ്പുഴ ചെമ്പകശേരി റസിഡൻസിൽ മുരളീധരന്റെ വീട്ടുമുറ്റത്ത് നടന്ന ടോക്കിംഗ് പാർലർ സ്ഥാപകനും രക്ഷാധികാരിയുമായ ഡോ.ബി.പത്മകുമാർ ഉദ്ഘാടനം ചെയ്തു. സായാഹ്ന കൂട്ടായ്മയുടെ ചികിത്സാ സഹായം അദ്ദേഹം കൈമാറി. കോഡിനേറ്റർ സി.പ്രദീപ് അദ്ധ്യക്ഷനായി. കാവാലം ബാലചന്ദ്രൻ കവിത അവതരിപ്പിച്ചു. കെ.എം.പണിക്കർ, അഡ്വ.ആർ.സനൽകുമാർ, പുരുഷോത്തമപ്പണിക്കർ,മുരളീധരൻ എന്നിവർ നേതൃത്വം നൽകി. ശ്രീകുമാറിനെ കൺവീനറായി തിരഞ്ഞെടുത്തു.