കുത്തിയോട്ടപ്പാട്ട് എഴുത്തുകാരി പുരസ്‌കാര നിറവിൽ

Saturday 29 March 2025 1:42 AM IST

മാന്നാർ: കുത്തിയോട്ടപ്പാട്ടുകളെഴുതി പ്രസിദ്ധീകരിച്ച ആദ്യ വനിത എന്ന നിലയിൽ ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ്സ്, കേരള ബുക്ക് ഒഫ് റെക്കാഡ്സ് എന്നിവയിൽ ഇടം നേടിയ മാന്നാർ കുരട്ടിശ്ശേരി 'വരദ'യിൽ ഡോ. എൽ.ശ്രീരഞ്ജിനിക്ക്,​ വോയ്‌സ് ഒഫ് വേൾഡ് മലയാളി കൗൺസിലിന്റെ പ്രഥമ ഗുരുശ്രേഷ്ഠ പുരസ്കാരം. സംഗീതാദ്ധ്യാപനത്തോടൊപ്പം മികച്ച കലാ -സാഹിത്യ-സാംസ്ക‌ാരിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ പുരസ്‌കാരം സമ്മാനിച്ചു. വോയ്‌സ് ഒഫ് വേൾഡ് മലയാളി കൗൺസിൽ ചെയർ പേഴ്‌സൺ അജിത ജെ.പിള്ള, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഐ.ബി.സതീഷ് എം.എൽ.എ, മുൻ എം.പി.കെ.മുരളീധരൻ, നിംസ് മെഡിസിറ്റി എം.ഡി ഫൈസൽ ഖാൻ എന്നിവർ പങ്കെടുത്തു.

കർണ്ണാടക സംഗീതത്തിൽ ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുള്ള ശ്രീരഞ്ജിനി വിവിധ സ്കൂളുകളിൽ സംഗീത അദ്ധ്യാപികയായി സേവനമനുഷ്‌ഠിക്കുന്നതോടൊപ്പം മാന്നാർ കുരട്ടിക്കാട് ശ്രീമൂകാംബിക കലാക്ഷേത്രം ഡയറക്ട‌ർ, കലാസമിതി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ച് വരികയാണ്. സാഹിത്യരംഗത്തും ശ്രീരഞ്ജിനി സജീവമാണ്. മൂന്നു കവിതാ സമാഹാരങ്ങൾ, മൂന്നു നോവലുകൾ, കുത്തിയോട്ടപ്പാട്ടുകളുടെ മൂന്നു സമാഹാരങ്ങൾ, കുട്ടികളുടെ നോവൽ, 40 മലയാള കവിതകളുടെ ഇംഗ്ലീഷ് പരിഭാഷ തുടങ്ങി 11 പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവർത്തന മികവിന് നിരവധി പുരസ്കാരങ്ങളും വിവിധ സംഘടനകളുടെ ആദരവും ഡോ.എൽ. ശ്രീരഞ്ജിനിയെ തേടിയെത്തിയിട്ടുണ്ട്. സാമൂഹ്യ പ്രവർത്തകനും, കുത്തി യൊട്ടരചയിതാവുമായിരുന്ന പരുമല പടിഞ്ഞാറ്റേടത്തു തോപ്പിൽ കെ. അപ്പുക്കുട്ടനാദിശ്ശരുടെ ചെറുമകളാണ് ശ്രീരഞ്ജിനി.