സാമൂഹ്യവിരുദ്ധരുടെ അക്രമത്തിൽ വീടുകൾ തകർന്നു
Friday 24 April 2026 3:31 AM IST
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ 17-ാം വാർഡിൽ സാമൂഹ്യവിരുദ്ധരുടെ അക്രമത്തിൽ വീടുകൾ തകർന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പുന്നപ്ര കോയിപ്പറമ്പിൽ ഷിബു, കല്ലുംമൂട്ടിൽ ബേബി, ദൈവപ്പുരക്കൽ ബിജു എന്നിവരുടെ വീടുകളാണ് അക്രമികൾ തകർത്തത്. കല്ല്, ഇരുമ്പ് ദണ്ഡുകൾ പോലുള്ള മാരകായുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. ജനൽചില്ലുകൾ തകർത്തതിനുപുറമെ വാതിലുകൾക്കും ഫ്രിഡ്ജ്, ടി.വി, എന്നിവയ്ക്കും കേടുപാടുകളുണ്ടായി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശവാസികൾ ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.