വിദ്യാർത്ഥികളുടെ 'മൊഹബത്ത്കാ സർബത്ത് ' സൂപ്പർ ഹിറ്റ്

Friday 24 April 2026 8:06 AM IST

മുഹമ്മ: ആര്യക്കര ഭഗവതി ക്ഷേത്രത്തിന് സമീപം നാല് വിദ്യാർത്ഥികൾ ചേർന്ന് ആരംഭിച്ച ജ്യൂസുകട യാത്രക്കാരുടെ ഇഷ്ടയിടമായി മാറുന്നു. ആര്യക്കര പുളിമൂട്ടിൽ നിവാസികളായ പ്ളസ് വൺ വിദ്യാർത്ഥിനി ശിവന്യരാജീവ്, പത്താം ക്ലാസ് വിദ്യാർത്ഥിനി വൈഗ വിനോദ്, പ്ളസ് വൺ വിദ്യാർത്ഥി അനുരുദ്ധ്, പത്താം ക്ലാസ് വിദ്യാർത്ഥി ആദർശ് അനീഷ് എന്നിവരാണ് 'മൊഹബത്ത്കാ സർബത്ത് ആന്റ് സംഭാര'ത്തിന്റെ നടത്തിപ്പുകാർ. സൗണ്ട് സിസ്‌റ്റവും ക്രമീകരിച്ചിരിക്കുന്നതുകൊണ്ട്,​ മൺക്കലത്തിലെ സംഭാരവും തണ്ണിമത്തൻ ജ്യൂസും കുലുക്കി സർബത്തുമെല്ലാം പാട്ട് കേട്ടുകൊണ്ട് ആസ്വദിക്കാം. പാലും പഞ്ചസാരയും തണ്ണിമത്തനും റോസ് മിൽക്കും കസ്ക്കസും ചേർന്ന തണ്ണിമത്തൻ ജ്യൂസിന് 40 രൂപയാണ് വില. പരമ്പരാഗത രീതിയിലുള്ള സംഭാരത്തിനും കുലുക്കി സർബത്തിനും ആവശ്യക്കാർ ഏറെയാണ്. വിഷുവിനായിരുന്നു ജ്യൂസുകടയുടെ തുടക്കം. ഇപ്പോൾ ദിവസം ശരാശരി 1000 രൂപയുടെ കച്ചവടം നടക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് പ്രോത്സാഹനമെന്ന രീതിയിൽ ജ്യൂസ് കുടിക്കാൻ കടയിലെത്തുന്നവരും കുറവല്ല. അവധിക്കാലം ആസ്വാദ്യകരമാക്കാനാണ് കട തുടങ്ങിയതെങ്കിലും,​ തുടർ പഠനത്തിനുള്ള പണം കണ്ടെത്തുകയെന്ന ലക്ഷ്യംകൂടിയുണ്ടെന്ന് അയൽവാസികൾ കൂടിയായ നാൽവർ സംഘം പറയുന്നു.

തണ്ണിമത്തൻ ജ്യൂസ് : 40 രൂപ

ഒരുദിവത്തെ വരുമാനം: 1000 രൂപ