സർവ്വം വിലക്കയറ്റം, പൊറുതിമുട്ടി ജനം
ആലപ്പുഴ: പാചകവാതകം, പെട്രോൾ, ഡീസൽ തുടങ്ങി മിൽമ പാലിൽ വരെ എത്തിനിൽക്കുന്ന വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കും. സാധനങ്ങളുടെ വിലക്കയറ്റത്തിന് ആനുപാതികമായി അനുബന്ധ മേഖലകളിലും വില വർദ്ധന സ്വാഭാവികമായി സംഭവിക്കുന്നതും തിരിച്ചടിയായിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ധനവിലയിൽ മൂന്ന് രൂപയുടെ വർദ്ധന ഉണ്ടായത്. ഇതോടെ ജില്ലയിൽ പെട്രോൾ വില 109.21 രൂപയിലും ഡീസൽ 98.07 രൂപയിലുമെത്തി. സ്വകാര്യ വാഹനങ്ങളിൽ ജോലിക്ക് പോകുന്നവർ മുതൽ സ്വകാര്യ ബസ് മേഖലയും, ഓട്ടോറിക്ഷാ തൊഴിലാളികളും, ഓൺലൈൻ ഡെലിവറി ജീവനക്കാരും ഇതോടെ വെട്ടിലായി.
മിൽമ പാൽ വിലയിൽ നാല് രൂപയുടെ വർദ്ധന അടുത്ത ആഴ്ച പ്രാബല്യത്തിൽ വരും. ഗ്യാസ് ക്ഷാമം വന്നതോടെ ഭൂരിപക്ഷം ഹോട്ടലുകളിലും ചായ മെനുവിൽ നിന്ന് വെട്ടി. ഇതിനിടെ പാലിന് കൂടി വില വർദ്ധിപ്പിക്കുന്നത് സാധാരണക്കാർക്കും, ഹോട്ടലുകൾക്കും വൻ ബാദ്ധ്യതയാണ് വരുത്തുക. പുതുക്കിയ വർദ്ധനപ്രകാരമുള്ള തുകയിൽ 83.75 ശതമാനം വിഹിതവും ക്ഷീര കർഷകർക്ക് ലഭിക്കും. 6.25 ശതമാനം വീതം സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5 ശതമാനം മിൽമയ്ക്കും 0.75 ശതമാനം ക്ഷേമനിധിയിലേക്ക് മാറ്റി വയ്ക്കും. 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യൽ പ്രക്രിയകൾക്കും നൽകാനാണ് തീരുമാനം. കർഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് വർദ്ധനവ് തീരുമാനിച്ചിരിക്കുന്നത്. മിൽമ പാലിന്റെ വില ലിറ്ററിന് 56 രൂപയാകും. പാലിന് വില വർദ്ധിക്കുന്നതോടെ മിൽമ പുറത്തിറക്കുന്ന മറ്റ് ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില വർദ്ധിക്കും.
പാലിലും പണികിട്ടും
1. ഇന്ധന വില വർദ്ധന, കുറഞ്ഞ കൂലി എന്നിവയിൽ പ്രതിഷേധിച്ച് സ്വിഗ്ഗി, സൊമാറ്റോ തൊഴിലാളികൾ ഇന്ന് പണിമുടക്കും. ഉച്ചയ്ക്ക് 12 മുതൽ 5 മണി വരെയാണ് പണിമുടക്കുക. ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം സർവീസസ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം
2. ഡെലിവറിക്ക് അനുസരിച്ചാണ് വരുമാനം. എന്നാൽ, വിലവർദ്ധന അനുസരിച്ച് ഡെലിവറി കമ്പനികൾ അടിസ്ഥാന നിരക്കോ, കിലോമീറ്റർ നിരക്കോ വർദ്ധിപ്പിക്കാൻ തയ്യാറാകാത്തതാണ് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയത്
3. പാചകവാതകക്ഷാമത്തെ തുടർന്ന് ഓർഡറുകളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. ഇൗ പ്രതിസന്ധിക്കിടെയാണ് ഇരട്ടി പ്രഹരമായി ഇന്ധന വിലവർദ്ധനവ്. വരുമാനത്തിന്റെ വലിയ പങ്കും പെട്രോളിനായി നീക്കിവയ്ക്കേണ്ടി വരുന്നു
പെട്രോൾ: 109.21
ഡീസൽ: 98.07
മിൽമ പാൽ : 56
ദിവസം ശരാശരി അമ്പത് കിലോമീറ്റർ ബൈക്ക് ഓടിക്കണം. ദിവസം 25 ഡെലിവറിയെങ്കിലും നടത്തിയാലേ നല്ല വരുമാനം ലഭിക്കു. പത്തും പന്ത്രണ്ടും മണിക്കൂർ നീളുന്നതാണ് ജോലി. ഇന്ധനവില വർദ്ധന വലിയ തിരിച്ചടിയാണ്
- ശ്യാം, ഓൺലൈൻ ഡെലിവറി ജീവനക്കാരൻ
ഒരു ചായ പോലും കുടിക്കാൻ കഴിയാത്ത നിലയിലേക്കാണ് പോകുന്നത്. ഇപ്പോൾ പല കടകളിലും ചായ കിട്ടാനില്ല. ഇനി വീട്ടിൽ നിന്ന് കൂടി ഒഴിവാകുമെന്ന് തോന്നുന്നു
- സന്തോഷ്, നിർമ്മാണ തൊഴിലാളി