ജില്ലയിൽ മഴക്കാല മുന്നൊരുക്കം തകൃതി

Monday 18 May 2026 12:06 AM IST

ആലപ്പുഴ: കാലവർഷം ശക്തിയാർജിച്ചതോടെ ജില്ലയിൽ മഴക്കാല മുന്നൊരുക്കങ്ങൾ ആരംഭിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ വലിയ നാശനഷ്ടങ്ങളുണ്ടായിരുന്നു. ഇത് മുൻ നിറുത്തി ജില്ലാ ദുരന്തനിവാരണ അതോറിട്ടി വിവിധ വകുപ്പുകളുടെ യോഗം ചേർന്നിരുന്നു.

കാലവർഷം ശക്തിയാർജിച്ചാൽ ജനങ്ങളെ സുരക്ഷിതരാക്കുന്നതിനും അവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുമുള്ള ഒരുക്കങ്ങൾ ജില്ലയിൽ ആരംഭിച്ചു. ഇതിന് മുന്നോടിയായി വിവിധ സ്കൂളുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കും. ഇതിനായി 398 സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ഷെൽറ്ററുകളും കണ്ടെത്തിയിട്ടുണ്ട്.

മഴ ശക്തമായാൽ ആവശ്യഘട്ടത്തിൽ പൊഴികൾ മുറിക്കും. അന്ധകാരനഴി, ഓരുമുട്ടുകൾ എന്നിവ അടിയന്തരഘട്ടത്തിൽ മുറിക്കും. തോട്ടപ്പള്ളി പൊഴിയിൽ നീരൊഴുക്ക് സുഗമമാണ്. തണ്ണീർമുക്കം ബണ്ടിന്റെ 90 ഷട്ടറുകളും തുറന്നിട്ടുണ്ട്.

കാൽനടക്കാർ ശ്രദ്ധിക്കണം

 മഴ ശക്തമായാൽ മുങ്ങിമരണങ്ങൾ, വൈദ്യുതാഘാതം എന്നിവയ്ക്ക് സാദ്ധ്യത ഏറെയാണ്. രാത്രികാലങ്ങൾ ജലാശങ്ങൾക്ക് സമീപത്തുകൂടി ഒറ്റയ്ക്ക് നടക്കുന്നത് പരമാവധി ഒഴിവാക്കണം

 പത്രം, പാൽ വിതരണക്കാർ, രാവിലെ നടക്കാനിറങ്ങുന്നവർ ശ്രദ്ധിക്കണം. കാറ്റിലും മഴയിലും വൈദ്യുത ലൈനുകൾ പൊട്ടിവീഴാൻ സാദ്ധ്യതയുള്ളതിനാൽ വെട്ടം കരുതണം

 ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടാൽ സുരക്ഷിത സ്ഥാനത്തേക്ക് മാറണം

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടണം

 അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ കളിക്കുന്നത് ഒഴിവാക്കുക. സൈക്കിൾ, ബൈക്ക് തുടങ്ങിയവയിലെ യാത്രകൾ ഇടിമിന്നൽ സമയത്ത് ഒഴിവാക്കണം

 ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം. വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്

കൺട്രോൾ റൂമിലേക്ക്

വിളിക്കാം: 94950 03640