മുഹമ്മ - കുമരകം ജലപാതയിൽ വേണം എമർജൻസി ബോട്ടുജെട്ടി
ആലപ്പുഴ : വേമ്പനാട്ട് കായലിൽ മുഹമ്മ - കുമരകം ജലപാതയിൽ ദിശതെറ്റിയുള്ള അപകടങ്ങൾ ഒഴിവാക്കാൻ രക്ഷാകേന്ദ്രമായി എമർജൻസി ബോട്ട് ജെട്ടി വേണമെന്ന ത് പുതിയ സർക്കാരെങ്കിലും ഗൗരവമായി കാണണമെന്ന് ആവശ്യം. സ്രാങ്ക് അസോസിയേഷനാണ് പുതിയ സർക്കാരിന്റെ അടിയന്തര ശ്രദ്ധയിലേക്ക് വിഷയമെത്തിച്ചത്.
യാത്രക്കാരും അസോസിയേഷനുകളും വർഷങ്ങളായി നിവേദനങ്ങൾ സമർപ്പിച്ചിട്ടും ഇതുവരെ പ്രശ്നപരിഹാരമുണ്ടായിട്ടില്ല. മഴയും കാറ്റും ശക്തമാകുന്ന സമയത്ത് യാത്രാബോട്ടുകളും മത്സ്യബന്ധന വള്ളങ്ങളും ദിശമാറി ഒഴുകുന്നത് മുഹമ്മ -കുമരകം ജലപാതയിൽ പതിവാണ്. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ബോട്ട് നങ്കൂരമിടാനായി ജലമാർഗ്ഗമദ്ധ്യേയുള്ള രക്ഷാകേന്ദ്രമാണ് ആവശ്യപ്പെടുന്നത്. 9.6 കിലോമീറ്ററാണ് മുഹമ്മ - കുമരകം ബോട്ട് സ്റ്റേഷനുകൾ തമ്മിലുള്ള ദൂരം. സംസ്ഥാനത്തെ നടുക്കിയ 29 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തം സംഭവിച്ചതും ഇതേ പാതയിലാണ്. വിഷയം ബോദ്ധ്യപ്പെടുത്താനായി സ്രാങ്ക് അസോസിയേഷൻ മുഖ്യമന്ത്രി വി.ഡി.സതീശന് നിവേദനം നൽകും.
ബോട്ടുകൾ ദിശമാറുന്നത് പതിവ്
നിരവധിപ്പേരാണ് ദിവസേന മുഹമ്മ - കുമരകം ബോട്ട് സർവീസിനെ ആശ്രയിക്കുന്നത്
കുമരകത്ത് നിന്ന് കരമാർഗ്ഗം മുഹമ്മയിലെത്താൻ 20 കിലോമീറ്ററിലേറെ സഞ്ചരിക്കണം
ബോട്ട് മാർഗമാകുമ്പോൾ 9.6കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ മതിയാകും
കോൺക്രീറ്റ് കുറ്റിയിൽ സ്ഥാപിച്ച രണ്ട് എമർജൻസി ബോട്ട് ജെട്ടികൾ വേണം
എമർജൻസി ബോട്ട് ജെട്ടികൾ സ്ഥാപിച്ചാൽ പ്രതികൂല കാലാവസ്ഥയിൽ നങ്കൂരമിട്ട് അപകടങ്ങളിൽ നിന്നും ബോട്ടുകൾക്ക് രക്ഷ നേടാനാകും
- സ്രാങ്ക് അസോസിയേഷൻ