അച്ഛന്റെ മരണം: ആര്യാമിനിക്ക് നാട്ടിലെത്താൻ സഹായവുമായി കെ.സി വേണുഗോപാൽ

Sunday 31 May 2026 8:06 AM IST

ആലപ്പുഴ: അച്ഛന്റെ മരണത്തെ തുടർന്ന് നാട്ടിലെത്താനാവാതെ കുവൈറ്റിൽ കുടുങ്ങിപ്പോയ ആലപ്പുഴ സ്വദേശിനി ആര്യാമിനിക്ക് സഹായവുമായി കെ.സി വേണുഗോപാൽ എം.പി.

കുവൈറ്റിൽ ഹോം നഴ്‌സായി ജോലി നോക്കുന്ന ആര്യാമിനിയുടെ പ്രശ്നത്തിൽ ഇടപ്പെട്ട കെ.സി വേണുഗോപാൽ,​ കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ആശയവിനിമയം നടത്തി. തുടർന്ന് എംബസിയുടെ ഷെൽട്ടറിൽ ആര്യാമിനി അഭയം തേടിയെങ്കിലും പാസ്‌പോർട്ട് സ്‌പോൺസറുടെ കൈയിലായതിനാൽ യാത്ര നടന്നില്ല. ഇതോടെ,​ അംബാസിഡർ മുഖേന കുവൈറ്റിലെ ലേബർ കോർട്ടിനെ സമീപിക്കുകയും സ്‌പോൺസറിൽ നിന്ന് പാസ്‌പോർട്ട് തിരികെ വാങ്ങുകയും ചെയ്തതോടെ കാര്യങ്ങൾ എളുപ്പത്തിലായി. സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ച് കെ.സി വേണുഗോപാലിന്റെ അഭ്യർത്ഥന പ്രകാരം ആര്യമിനിക്ക് നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റും എംബസി എടുത്തുനൽകി. ഇതോടെ,​ ഇന്നലെ രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ആര്യാമിനി ആലപ്പുഴയിലെത്തി അച്ഛന്റെ സംസ്കാര ചടങ്ങുകളിൽ സംബന്ധിച്ചു.