കാർത്തികപ്പള്ളി തോട് ശുചീകരണം പാളുന്നു

Wednesday 03 June 2026 3:04 AM IST

ഹരിപ്പാട് :അഴുക്കുചാലായി മാറിയ കാർത്തികപ്പള്ളി തോട് നവീകരിക്കാനായി അടുത്തിടെ ആരംഭിച്ച ശുചീകരണപ്രവർത്തനങ്ങൾ അശാസ്ത്രീയമെന്ന് പരാതി. തോട്ടിലെ ചെളിയും മണലും യന്ത്രസഹായത്തോടെ കോരി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് പകരം, തോടിന്റെ ഇരുവശങ്ങളിലുമായി തന്നെ കൂട്ടിയിടുകയാണ്. വരും ദിവസങ്ങളിൽ മഴ ശക്തമാകുമ്പോൾ ഈ ചെളിയുംമണ്ണും വീണ്ടും തോട്ടിലേക്ക് തന്നെ ഒലിച്ചിറങ്ങുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

ചെറുതനയിൽ നിന്ന് ആരംഭിച്ച് കരുവാറ്റ, കുമാരപുരം, കാർത്തികപ്പള്ളി എന്നീ നാല് പഞ്ചായത്തുകളിലൂടെ ഒഴുകി കായംകുളം കായലിന്റെ ഭാഗമായ പൂത്തോട്ടിലാണ് തോട് ചെന്നുചേരുന്നത്. ഒരുകാലത്ത് ഈ പ്രദേശങ്ങളിലെ ജലസേചനത്തിനും കാർഷികാവശ്യങ്ങൾക്കും ഇവിടെ നിന്നുള്ള വെള്ളമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് മലിനജലവും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും നിറഞ്ഞ അവസ്ഥയിലേക്ക് തോട് മാറി.

ചെളി ഇരുവശങ്ങളിലും കൂട്ടിയിടുന്നു

 പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനും സുഗമമായ ഒഴുക്ക് സാദ്ധ്യമാക്കാനും ലക്ഷ്യമിട്ടാണ് സർക്കാർ ഫണ്ടിൽ നിന്ന് തുക അനുവദിച്ച് നവീകരണം തുടങ്ങിയത്

 ഇങ്ങനെ കോരിയെടുക്കുന്ന പ്ലാസ്റ്റിക് കലർന്ന ചെളി കൃത്യമായി ലോറികളിൽ കയറ്റി ദൂരേക്ക് മാറ്റുന്നില്ല. തോടിന്റെ വശങ്ങളിലുള്ള തിട്ടകളിലേക്ക് തന്നെ തള്ളുന്നു

 ലക്ഷക്കണക്കിന് രൂപ സർക്കാർ ഫണ്ട് ചെലവഴിച്ചിട്ടും ദീർഘകാല പ്രയോജനമുണ്ടാകുന്ന രീതിയിലുള്ള യാതൊരു നടപടികളും ഇവിടെ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം

 തോടിന്റെ ഇരുവശങ്ങളിലും കാടുപിടിച്ചുനിൽക്കുന്ന പാഴ്ച്ചെടികളും മരങ്ങളും പൂർണമായി വെട്ടിമാറ്റാത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്

തോട്ടിൽ നിന്ന് കോരിയെടുക്കുന്ന മാലിന്യങ്ങൾ സമീപത്തെ ഒഴിഞ്ഞ പുരയിടങ്ങളിലേക്കോ മറ്റ് സുരക്ഷിതകേന്ദ്രങ്ങളിലേക്കോ മാറ്റി ഇടണം. തോടിന്റെ വശങ്ങൾ വൃത്തിയാക്കണം

- പ്രദേശവാസികൾ