പാമ്പാക്കുട മേഖലയിൽ പത്തോളം വീടുകൾ തകർന്നു

Friday 15 May 2026 1:01 AM IST
രാമമംഗലം ഇറമ്പിൽ വിജയന്റെ വീട് മരം വീണു തകർന്ന നിലയിൽ

പാമ്പാക്കുട: കനത്ത മഴയിലും ആഞ്ഞടിച്ച കാറ്റിലും പാമ്പാക്കുട, രാമമംഗലം, മണീട് പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. വിവിധയിടങ്ങളിലായി മരങ്ങൾ കടപുഴകി വീണ് പത്തോളം വീടുകൾ ഭാഗികമായി തകർന്നു. പലയിടത്തും ഗതാഗതവും വൈദ്യുതി ബന്ധവും പൂർണമായി താറുമാറായി.

​ചെട്ടിക്കണ്ടം മുതൽ പാമ്പാക്കുട എം.ടി.എം സ്കൂൾ വരെയുള്ള ഭാഗങ്ങളിൽ വൻമരങ്ങൾ ഒടിഞ്ഞുവീണ് ഇലക്ട്രിക് പോസ്റ്റുകൾ ഉൾപ്പെടെ തകർന്നിട്ടുണ്ട്. ഇതേത്തുടർന്ന് പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു. പിറമാടത്ത് ഒരു വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. രാമമംഗലത്തും മരങ്ങൾ വീണ് വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

​11 കെ.വി ലൈനുകൾ ഉൾപ്പെടെ തകർന്നതിനാൽ പ്രദേശത്ത് വൈദ്യുതി വിതരണം പൂർണമായി നിലച്ച അവസ്ഥയിലാണ്. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് കാലതാമസം നേരിടുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി റോഡിലേക്ക് വീണ മരങ്ങൾ മുറിച്ചു നീക്കുന്ന ജോലികൾ അഗ്നിശമനസേന ആരംഭിച്ചു. നാട്ടുകാരും ജനപ്രതിനിധികളും ഇവർക്കൊപ്പം രംഗത്തുണ്ട്.