പ്ലസ് ടു ഫലം: ജില്ല രണ്ടാമത്

Wednesday 27 May 2026 3:59 AM IST

കൊച്ചി: പ്ലസ് ടു പരീക്ഷാ ഫലത്തിൽ ജില്ല രണ്ടാം സ്ഥാനത്ത്. 83.56 ശതമാനം വിജയത്തോടെയാണ് ജില്ലയുടെ മുന്നേറ്റം. കഴിഞ്ഞ തവണത്തേതിൽ നിന്ന് (83.09%) വിജയശതമാനം നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. ഇടുക്കിയാണ് ഒന്നാം സ്ഥാനത്ത്. ജില്ലയിലെ 194 സ്‌കൂളുകളിൽ നിന്നായി രജിസ്റ്റർ ചെയ്ത 30,541 കുട്ടികളിൽ 30,399 കുട്ടികൾ പരീക്ഷയെഴുതി. 25,402പേർ ഉപരിപഠനത്തിന് യോഗ്യത നേടി. എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയത് 2,751 പേർ. കഴിഞ്ഞ തവണ 2,626 പേർക്കായിരുന്നു മുഴുവൻ എ പ്ലസ്.

ഇത്തവണ എറണാകുളത്തിനൊപ്പം 80 ശതമാനത്തിനു മുകളിലെത്തിയത് ഇടുക്കിയും (84.64), കോഴിക്കോടും (80.62), കണ്ണൂരും (80.95), തൃശൂരും (82.09), കോട്ടയവുമാണ് (81.68).

ടെക്നിക്കൽ 79.87

ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ കഴിഞ്ഞ വർഷം 70.65 ശതമാനമായിരുന്ന വിജയം ഇത്തവണ 79.87 ലേക്ക് കുതിച്ചു. രജിസ്റ്റർ ചെയ്ത 450 പേരിൽ 447 പേർ പരീക്ഷയെഴുതിയതിൽ 357 പേർ ഉപരിപഠനയോഗ്യത നേടി. കഴിഞ്ഞവർഷം 34 പേർക്ക് ലഭിച്ച മുഴുവൻ എ. പ്ളസ് ഇത്തവണ 19 പേർക്കാണ്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയത് എറണാകുളത്താണെങ്കിലും 88.5 ശതമാനം വിജയവുമായി പത്തനംതിട്ടയാണ് മുന്നിൽ.

ഓപ്പൺ സ്‌കൂൾ 60.68 ശതമാനം

ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയം (60.81) നേരിയ വ്യത്യാസത്തിൽ 60.68 ശതമാനമായി. രജിസ്റ്റർ ചെയ്ത 928 പേരിൽ 913 പേർ പരീക്ഷയെഴുതി. 554 പേർ ഉപരിപഠനയോഗ്യത നേടി. 10 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 11 പേർക്കായിരുന്നു മുഴുവൻ എ പ്ലസ്.

വി.എച്ച്.എസ്.ഇ 74.81 ശതമാനം

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജില്ല മികച്ച നേട്ടം കൈവരിച്ചു. കഴിഞ്ഞ വർഷം 70.33 ശതമാനം വിജയം നേടിയ ജില്ലയിൽ ഇത്തവണ വിജയശതമാനം 74.81 ആയി ഉയർന്നു. ഇത്തവണ ജില്ലയിൽ പരീക്ഷ എഴുതിയ 2,064 പേരിൽ 1,544 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.