
ഇടുക്കി: രണ്ടുപതിറ്റാണ്ടിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി. തമിഴ്നാട് ഉത്തമപാളയം കാമാക്ഷിപുരം സ്വദേശി സുബ്രഹ്മണ്യനാണ് (50) അറസ്റ്റിലായത്. തമിഴ്നാട്ടിലെ ഓടപ്പെട്ടിയിൽ നിന്നും സാഹസികമായാണ് പൊലീസ് സംഘം പിടികൂടിയത്. 2005 നവംബർ 10നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വാഴത്തോപ്പ് പേപ്പാറ ഭാഗത്തുള്ള വളളാടിയിൽ വീടിന്റെ മുൻവശത്തെ കടമുറിയിൽ അതിക്രമിച്ചു കയറിയ സുബ്രഹ്മണ്യനും മറ്റ് മൂന്ന് പേരും ചേർന്ന് കടയുടമയെ ഭീഷണിപ്പെടുത്തുകയും കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് കടയുടമയെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച ശേഷം കവർച്ച നടത്താനായിരുന്നു പ്രതികളുടെ ശ്രമം. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു. ഈ കേസിലാണ് പ്രതിയുടെ അറസ്റ്റ്. തമിഴ്നാട് ഓടപ്പെട്ടിപൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ വലയിലാക്കിയത്. ഇടുക്കി പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ബിജു, സിവിൽ പൊലീസ് ഓഫീസർമാരായ സനൽ സോമൻ, അനീഷ് രാജു എന്നിവരാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
