പ്ളസ് ടു ഫുൾ മാർക്ക്: ഷിഫാനക്ക് ഡോക്ടറാകണം
നെടുമ്പാശേരി: പ്ളസുടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ പാറക്കടവ് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ ബയോ മാത്‌സ് വിദ്യാർത്ഥി എ.എസ്. ഷിഫാനയ്‌ക്ക് ഡോക്ടറാകാനാണ് ആഗ്രഹം. 1200ൽ 1200 മാർക്കാണ് ഷിഫാന നേടിയത്.
പ്ളസ് വൺ പരീക്ഷയിൽ കണക്ക് വിഷയത്തിൽ മൂന്നു മാർക്ക് കുറവായിരുന്നെങ്കിലും ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതി 100 ശതമാനം മാർക്ക് നേടുകയായിരുന്നു. നെടുമ്പാശ്ശേരി മേക്കാട് ആത്തനാട്ട് വീട്ടിൽ ഷിഹാബിന്റെയും - നിസയുടെയും മകളാണ്. എട്ടാം ക്ളാസ് മാത്രം വിദ്യഭ്യാസമുള്ള ഷിഹാബ് ആലുവ മാർക്കറ്റിലെ പെട്ടിഓട്ടോ ഡ്രൈവറാണ്. പ്ളസ്ടു യോഗ്യതയുള്ള നിസ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ ജോലിയില്ല. ഷിഫാനയുടെ സഹോദരൻ സഫ് വാൻ അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിലെ 10-ാം ക്ളാസ് വിദ്യാർഥിയാണ്.
ട്യൂഷനൊന്നും പോകാതെയാണ് സ്വപ്നതുല്യമായ വിജയം നേടിയത്. എസ്.എസ്.എൽ.സി പരീക്ഷയിലും മുഴുവൻ വിഷയങ്ങളിലും ഷിഫാനക്ക് എ.പ്ളസ് ലഭിച്ചിരുന്നു.