
ആലപ്പുഴ: വയോജന സൗഹൃദ റേഡിയോ പാർക്കായ 'കായാമ്പൂ' വിൽ കോഫിയും ഐസ്ക്രീമും ലഘുഭക്ഷണവുമൊരുക്കി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്. ചേർത്തല എസ്.എൻ കോളേജിന് വടക്ക് ദേശീയപാതയോട് ചേർന്നുള്ള കായാമ്പൂവിൽ വിശാലമായ കാർ പാർക്കിംഗ്, പുൽത്തകിടിയിലെ ഇരിപ്പിടങ്ങൾ, കുട്ടികളുടെ പാർക്ക്, കളിയുപകരണങ്ങൾ, വനിതകൾക്കുള്ള ഫിറ്റ്നസ് സെന്റർ, വിവിധ ഇനം ചെടികളും വള്ളിപ്പടർപ്പുകളും, മത്സ്യക്കുളവും വൈദ്യുത ദീപാലങ്കാരങ്ങളുമെല്ലാം സജ്ജമാക്കിയിട്ടുണ്ട്. ഇതിനോട് ചേർന്നാണ് കഫെറ്റീരിയ ഒരുക്കിയിട്ടുള്ളത്. കോഫിയും ജ്യൂസും ഐസ്ക്രീമും സ്നാക്സുമെല്ലാം ഇവിടെ ലഭിക്കും.
ദേശീയപാതയോട് ചേർന്ന് പാർക്കിംഗും മറ്റ് സൗകര്യങ്ങളും ഉള്ളതുകൊണ്ട് ഇവിടം സ്ത്രീകളുടെയും വിദ്യാർത്ഥികളുടെയും വയോജനങ്ങളുമെല്ലാം ഇഷ്ടയിടമായി മാറിക്കഴിഞ്ഞു. ദീർഘദൂര യാത്രക്കാരെക്കൂടി ലക്ഷ്യമിട്ടാണ് പദ്ധതി പൂർത്തിയാക്കിയിട്ടുള്ളത്.
പിറന്നാളാഘോഷം പോലെയുള്ള പ്രത്യേക അവസരങ്ങളിൽ കുറഞ്ഞ നിരക്കിൽ പാർക്ക് മുഴുവനായും, രാത്രി സമയമുൾപ്പെടെ നിശ്ചിത സമയത്തേക്ക് ആവശ്യക്കാർക്ക് വിട്ടു നൽകുകയും ചെയ്യും.
കഴിഞ്ഞ ഭരണസമിതി തുടങ്ങിവച്ച പദ്ധതിയാണ് നിലവിലെ ഭരണസമിതി കൂടുതൽ സൗകര്യമൊരുക്കി പൂർത്തിയാക്കിയത്.
കഫെറ്റീരിയയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മിണി തമ്പാൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.ഉദേഷ് യു.കൈമൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബൈരഞ്ജിത്ത്, ജി.ശശികല, ബ്ലോക്ക് സെക്രട്ടറി സി.വി.സുനിൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |