സ്വർണവുമായി മുങ്ങിയ ഹോംനഴ്സ് അറസ്റ്റിൽ

Friday 29 May 2026 8:06 PM IST

കൊച്ചി: ജോലിയിൽ ചേർന്ന ദിവസം തന്നെ വീട്ടിലെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കടന്ന ഹോംനഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂർ കുരീക്കാട് കൈപ്പുള്ളിപ്പറമ്പിൽ വീട്ടിൽ ശ്യാംറോബിയാണ് (26) തൃക്കാക്കര പൊലീസിന്റെ പിടിയിലായത്.

കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് ദേശക്കവല റോഡിലെ വീട്ടിൽ ഏപ്രിൽ 30നാണിയാൾ ജോലിക്കെത്തിയത്. അന്ന് വൈകിട്ട് തന്നെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 1.65 ലക്ഷം രൂപ വിലമതിക്കുന്ന, ഒന്നര പവൻ വീതം തൂക്കം വരുന്ന രണ്ട് വിവാഹമോതിരങ്ങളുമായി മുങ്ങി. പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്വകാര്യധനമിടപാട് സ്ഥാപനത്തിൽ സ്വർണാഭരണം പണയപ്പെടുത്തിയ വകയിൽ പ്രതിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി തെളിവ് ലഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.