ബസ് സ്റ്റാൻഡ് നിർമ്മാണം നിലച്ചു; യാത്രാദുരിതം രൂക്ഷം
കാലടി: കാലടി പഞ്ചായത്ത് 13 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് കം ബസ് സ്റ്റാൻഡ് നിർമ്മാണം നിലച്ചു. 100 ഓളം സ്വകാര്യ ബസുകൾ ഉപയോഗിച്ചിരുന്ന സ്റ്റാൻഡിന് ബദൽ സംവിധാനമൊരുക്കാതെ നിർമ്മാണം തുടങ്ങിയതോടെ എം.സി. റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. പണി പാതിവഴിയിൽ തടസപ്പെട്ടതോടെ നിർമ്മാണത്തിനായി എത്തിച്ച കമ്പിയും സിമന്റും തുരുമ്പെടുത്ത് നശിക്കുകയാണ്. നിലവിൽ എം.സി. റോഡ് വശങ്ങളിൽ ബസുകൾ നിറുത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. ഇത് കാലടിയിലെ ഗതാഗതക്കുരുക്ക് വർദ്ധിക്കുന്നതിന് പ്രധാന കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടി.
സംസ്കൃത സർവകലാശാല, തിരുവൈരാണിക്കുളം ക്ഷേത്രം, എയർപോർട്ട് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരടക്കം എം.സി. റോഡിലെ കുരുക്കിൽ വലയുകയാണ്. സ്കൂൾ തുറക്കുന്നതോടെ സ്കൂൾ കോളേജ് വിദ്യാർത്ഥി യാത്ര ദുഷ്കരമാകുമെന്ന് യാത്രക്കാർ ആശങ്കപ്പെടുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് നിർമ്മാണം നിലച്ചത്. പൊതു മാർക്കറ്റിൽ സ്വകാര്യ ബസുകൾ പാർക്ക് ചെയ്യാൻ അനുവദിച്ചിട്ടുണ്ട്. യു.ഡി എഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതി കാര്യക്ഷമ മായി ഇടപെടുന്നുണ്ട്
റെന്നി പാപ്പച്ചൻ,
മണ്ഡലം പ്രസിഡന്റ്
കോൺഗ്രസ്
എം.സി റോഡ് വീതി കൂട്ടേണ്ടിവരുമ്പോൾ പുതിയ കോംപ്ലക്സ് ഭാഗങ്ങൾ പൊളിക്കേണ്ടി വരും. യാതൊരു ബദൽ സംവിധാനമില്ലാതെയാണ് സ്വകാര്യ ബസുകളെ തെരുവിൽ തള്ളിയത്. സ്‌കൂൾ തുറക്കുമ്പോൾ ഗതാഗത കുരുക്ക് രൂക്ഷമാകും. യു.ഡി.എഫ് ഭരണസമിതി ഇക്കാര്യത്തിൽ അലംഭാവം കാണിക്കുന്നു
എം.ടി. വർഗീസ്,
സി.പി.എം