അക്ഷരങ്ങളെ സ്നേഹിച്ച തഹസിൽദാർക്ക് പുസ്തകമൊരുക്കി യാത്രഅയപ്പ്

Sunday 31 May 2026 12:49 AM IST
ആലുവ താലൂക്ക് റവന്യൂ റിക്കവറി സ്പെഷ്യൽ തഹസിൽദാർ ആർ. രേഖയുടെ യാത്രഅയപ്പിനോടനുബന്ധിച്ച് സഹപ്രവർത്തകർ തയ്യാറാക്കിയ ബിയോൺഡ് റിക്കവറി, വി റീകളക്ട് എന്ന മാഗസിൻ ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) വി.ഇ. അബ്ബാസ് പ്രകാശിപ്പിക്കുന്നു.

ആലുവ: അക്ഷരങ്ങളെ സ്നേഹിച്ച ആലുവ താലൂക്ക് റവന്യൂ റിക്കവറി സ്പെഷ്യൽ തഹസിൽദാർ ആർ. രേഖയ്ക്ക് സഹപ്രവർത്തകർ പുസ്തകമൊരുക്കി യാത്രാമൊഴി നൽകി. റവന്യൂ വകുപ്പിൽ 29 വർഷത്തെ സേവനത്തിന് ശേഷം ആർ. രേഖ ഇന്നാണ് ഔദ്യോഗികമായി സർവീസിൽ നിന്ന് വിരമിക്കുന്നതെങ്കിലും ഞായറാഴ്ചയായതിനാൽ കഴിഞ്ഞ ദിവസം സഹപ്രവർത്തകർ യാത്രഅയപ്പ് നൽകി.

ഔദ്യോഗിക ജോലി തിരക്കുകൾക്കിടയിലും കഥയും കവിതകളുമെല്ലാം എഴുതുന്നതിനാലാണ് സഹപ്രവർത്തകർ 'ബിയോൺഡ് റിക്കവറി, വി റീകളക്ട് "എന്ന പേരിൽ പ്രത്യേക മാഗസിൻ പുറത്തിറക്കിയത്. സർക്കാർ ജീവനക്കാരുടെ പ്രസിദ്ധീകരണങ്ങളിലെല്ലാം ആർ. രേഖയുടെ നിരവധി കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റവന്യു ജീവനക്കാരുടെ കലോത്സവങ്ങളിലും വിജയിയായിട്ടുണ്ട്.

ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) വി.ഇ. അബ്ബാസ് മാഗസിൻ പ്രകാശിപ്പിച്ചു. അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി വർഗീസ്, സെക്രട്ടറി സുനിൽ, ഡെപ്യൂട്ടി തഹസിൽദാർമാരായ അബ്ബാസ്, വൃന്ദ പി. നായർ, പി.എം. ബീന, ദീപ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ആലങ്ങാട് തിരുവാല്ലൂർ സത്ഗമയിൽ റിട്ട. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ രമേഷ് ബാബുവിന്റെ ഭാര്യയാണ് ആർ. രേഖ.