കൗമുദി വാർത്ത ഫലം കണ്ടു; മണിക്കൂറുകൾക്കകം പരിഹാരം

Tuesday 02 June 2026 1:02 AM IST

മുളന്തുരുത്തി: ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലത്തിലെ കോൺക്രീറ്റ് ഇളകി കമ്പികൾ പുറത്തുവന്ന നിലയിൽ അപകടഭീഷണി ഉയർത്തുന്നതിനെ സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ അടിയന്തര നടപടി സ്വീകരിച്ച് അധികൃതർ.

ഒരു വർഷത്തിലേറെയായി പാലത്തിന്റെ ഭാഗങ്ങളിൽ കോൺക്രീറ്റ് പൊളിഞ്ഞ് ഇരുമ്പ് കമ്പികൾ പുറത്തുകാണുന്ന അവസ്ഥയിലായിരുന്നെങ്കിലും ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധ പതിഞ്ഞിരുന്നില്ല. ദിവസേന നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന മേൽപ്പാലത്തിലെ ഈ അപകടസാദ്ധ്യത പ്രദേശവാസികൾ ഏറെ ആശങ്കയോടെയാണ് കണ്ടിരുന്നത്.

കേരളകൗമുദിയിൽ വാർത്ത വന്നതിന് മണിക്കൂറുകൾക്കകം, ഇന്നലെ വൈകിട്ട് ഏഴുമണിയോടെ രണ്ടാം വാർഡ് മെമ്പർ മധുവിന്റെ നേതൃത്വത്തിൽ തൊഴിലാളികളെത്തി കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് പൊളിഞ്ഞ ഭാഗങ്ങളും വിടവുകളും അടച്ചു. ഏറെ നാളായി അവഗണന നേരിട്ടിരുന്ന പ്രശ്നത്തിന് അതിവേഗത്തിൽ പരിഹാരം കാണാനായത് പ്രദേശവാസികൾ സ്വാഗതം ചെയ്തു.