₹74 വിലയിൽ റെക്കാഡിട്ട് പൈനാപ്പിൾ കുതിപ്പ്
കൊച്ചി: ഒരുമാസം മുമ്പ് കുത്തനെ ഇടിഞ്ഞ പൈനാപ്പിൾ വില കുതിച്ചുകയറുന്നു. 74 രൂപയെന്ന റെക്കാർഡ് വില ഇന്നലെ കൈവരിച്ചു. വില കയറിയെങ്കിലും ഉദ്പാദനം കുറവാണ്.
സ്പെഷ്യൽ ഗ്രീനിന് 74 ഉം ഗ്രീനിന് 72 ഉം പഴത്തിന് 55 രൂപയും വീതമാണ് വാഴക്കുളം വിപണിയിൽ ഇന്നലെ ലഭിച്ച വില. 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്.
ആവശ്യക്കാർ വർദ്ധിക്കുകയും വിളവ് കുറയുകയും ചെയ്തതാണ് വില വർദ്ധിക്കാൻ പ്രധാന കാരണം. ഉത്തരേന്ത്യയിൽ നിന്നുള്ള ആവശ്യകത വർദ്ധിച്ചു. അതനുസരിച്ച് പൈനാപ്പിൾ ലഭ്യമല്ല. കനത്ത വേനൽച്ചൂടിൽ കായയ്ക്ക് ഭാരവും വലിപ്പവും കുറഞ്ഞു. ഉദ്പാദനത്തിലും കുറവുണ്ടായി. അന്യസംസ്ഥാന തൊഴിലാളികൾ കുറഞ്ഞത് കൃഷിപ്പണികളെ ബാധിച്ചു.
മേയ് മുതലാണ് വില ഇടിഞ്ഞുതുടങ്ങിയത്. 20 രൂപ വരെയായി വില. 35-40 രൂപയാണ് പരമാവധി ലഭിച്ചത്. വലിയ നഷ്ടമാണ് കർഷകർക്ക് സംഭവിച്ചത്. തുടർന്ന് പുതുകൃഷി ഒഴിവാക്കാൻ കർഷക കൂട്ടായ്മകൾ തീരുമാനിച്ചിരുന്നു.
ഒരു വർഷം പുതുകൃഷി ഇല്ല
വില കുത്തനെ ഇടിഞ്ഞതും ഉത്പാദനച്ചെലവ് വർദ്ധിച്ചതും കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒരുവർഷത്തേക്ക് പുതുക്കൃഷി ഒഴിവാക്കാൻ പൈനാപ്പിൾ കർഷകർ തീരുമാനിച്ചിരുന്നു. ഉത്പാദനം കുറച്ച് വില വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. മൂന്ന് ഗ്രേഡുകളിലെ പൈനാപ്പിളിന് കിലോയ്ക്ക് 40 മുതൽ 50 രൂപ വരെ വില ലഭിച്ചാലേ കൃഷി ലാഭമാകൂ. മേയിൽ 36 -18 രൂപ മാത്രമാണ് ലഭിച്ചത്. കർഷകരുടെ കൂട്ടായ്മകൾ ആരംഭിച്ച ചർച്ച പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷനും അനൗദ്യോഗികമായി ഏറ്റെടുത്തു. വർഷത്തിൽ മൂന്നു തവണയാണ് വിളവെടുക്കുന്നത്. സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് റബർ പോലുള്ള വാണിജ്യവിളകൾക്ക് ഇടവിളയായി കൃഷി ചെയ്യുന്നതാണ് രീതി.
വേനൽക്കാലത്ത് വില വർദ്ധിക്കുകയാണ് പതിവ്. ഇക്കുറി വില ഇടിഞ്ഞു.
വടക്കേയിന്ത്യൻ ഡിമാൻഡും കുറഞ്ഞു.
പാട്ടക്കൂലി, പണിച്ചെലവ്, വളംവില എന്നിവ വർദ്ധിച്ചു.
കൃഷിയിടം കുറച്ചാൽ
1.കൃഷിയിടം കുറച്ചാൽ കൃഷിച്ചെലവ് കുറയ്ക്കാം. ഉത്പാദനവും കുറയും.
2.ഉള്ള വിളവിന് ന്യായവില ലഭിക്കും.കർഷകരുടെ കടബാദ്ധ്യത കുറയും.