ചെറുതോണി സ്റ്റാൻഡ് തുറക്കുന്നത് സ്വാഗതാർഹമെന്ന് കേരള കോൺഗ്രസ് (എം)

Saturday 23 May 2026 12:00 AM IST

ചെറുതോണി: ജില്ലാ ആസ്ഥാനത്ത് നിർമ്മാണം പൂർത്തിയായിട്ടുള്ള ബസ് സ്റ്റാൻഡ് അടുത്ത മാസം മുതൽ തുറന്ന് നൽകുമെന്ന റോയ് കെ. പൗലോസ് എം.എൽ.എയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു. പണി പൂർത്തീകരിച്ച് 2025 ഡിസംബറിൽ തന്നെ സ്റ്റാൻഡ് തുറക്കാൻ മന്ത്രിയായിരുന്ന റോഷി അഗസ്റ്റിൻ നടപടിയെടുത്തിരുന്നു. ജില്ലാ പഞ്ചായത്തിന്റെ മുൻ ഭരണ സമിതി കെ.എസ്.ആർ.ടി സിയ്ക്കായി അനുവദിച്ച് നൽകിയ രണ്ട് മുറികൾ സാങ്കേതിക തടസം ഉന്നയിച്ച് മനഃപൂർവം തുറന്ന് നൽകിയില്ല. എന്നാൽ അനുവദിച്ചത് നഷ്ടമാകാതെ ഇരിക്കാനാണ് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ ഓപ്പറേറ്റിംഗ് സെന്റർ ആരംഭിച്ചത്. എല്ലാ ബസുകളും കയറി ഇറങ്ങുന്നതിന് ക്രമീകരണങ്ങൾ പൂർത്തിയാക്കുകയും കെ.എസ്.ആർ.ടി.സി ബസ് പഞ്ചിങ് നടത്തുന്നതിനായി കവാടത്തിൽ താത്കാലിക ഷെഡ് നിർമ്മിക്കുകയും ചെയ്തു. എന്നാൽ ഇതിനെ എം.എൽ.എ നിർമ്മിച്ച ഓപ്പറേറ്റിംഗ് സെന്റർ എന്ന രീതിയിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാത്രമാണ്.

തിരഞ്ഞെടുപ്പ് കഴിഞ്ഞ ഈ വേളയിൽ എങ്കിലും ബസ് സ്റ്റാൻഡ് തുറന്ന് കൊടുക്കാനുള്ള യു.ഡി.എഫ് തീരുമാനം സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.