നഗരസഭക്ക് നോട്ടീസ് നൽകി ഡിവൈ.എസ് പി

Friday 28 March 2025 9:32 PM IST

നീലേശ്വരം: അന്യസംസ്ഥാന തൊഴിലാളികളുടെ അനധികൃത താമസത്തിനെതിരെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി നീലേശ്വരം നഗരസഭയ്ക്ക് നോട്ടീസ് നൽകി. ലഹരി ഉത്പന്നങ്ങൾ വ്യാപകമായതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അന്യസംസ്ഥാനതൊഴിലാളികള അനധികൃത താമസം കണ്ടെത്തിയത്. ഇത്തരം താമസ സ്ഥലങ്ങൾ നൽകുന്ന കെട്ടിട ഉടമകൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് നീലേശ്വരം നഗരസഭയുടെ എൻജിനീയറിംഗ് വിഭാഗത്തിന് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കെട്ടിടങ്ങളുടെ മുകളിൽ വരെ ചെറിയ മറകളുണ്ടാക്കി യാതൊരു അടിസ്ഥാന സൗകര്യമില്ലാതെ താമസസ്ഥലം ഒരുക്കിയതെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. താമസസ്ഥലങ്ങൾ വൃത്തിഹീനമാണെന്നും കിടന്നുറങ്ങുന്ന സ്ഥലങ്ങളോട് തൊട്ട് തന്നെ മല മൂത്രവിസർജനം നടത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുമെന്നും നോട്ടീസിൽ ഓർമിപ്പിക്കുന്നു.മതിയായ രേഖകളില്ലാതെ ആൾക്കാരെ താമസിപ്പിക്കുന്ന കെട്ടിട ഉടമകൾക്കെതിരെ കർശന നടപടി എടുക്കുമെന്നും പൊലിസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട് .കഴിഞ്ഞ വെളളിയാഴ്ച്ച നീലേശ്വരം പുത്തരിയടുക്കത്ത് റെയ്ഡ് നടത്തിയപ്പോഴാണ് അന്യസംസ്ഥാന തൊഴിലാളികളുടെ അനധികൃത താമസം പൊലീസ് കണ്ടെത്തിയത്.