തിരകൾ പിടികൂടിയ സംഭവത്തിൽ അന്വേഷണം കർണാടകയിലേക്ക്

Friday 28 March 2025 9:46 PM IST

ഇരിട്ടി(കണ്ണൂർ): കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ എക്‌സൈസിന്റെ വാഹന പരിശോധനയ്ക്കിടെ സ്വകാര്യ ബസിൽ നിന്നും നാടൻ തോക്കിൽ ഉപയോഗിക്കുന്ന 150 തിരകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. പോലീസ് നായയെ ഉപയോഗിച്ച് മണം പിടിപ്പിച്ചു നടത്തിയ പരിശോധനയിൽ ബസ്സിലെ യാത്രക്കാരനായ ഉളിക്കൽ കാലാങ്കി സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും പ്രതിയിലേക്ക് എത്താവുന്ന കാര്യമായ സൂചനകൾ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല.

വ്യാഴാഴ്ച വൈകിട്ടാണ് കുടകിലെ കുട്ടയിൽ നിന്ന് വിരാജ് പേട്ട - കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് വരികയായിരുന്നു ലക്ഷ്മി ബസിൽ നിന്നും 150 നാടൻ തോക്കിന്റെ തിരകൾ പിടിച്ചെടുത്തത്. മൂന്ന് കെയ്സുകളിൽ വസ്ത്രങ്ങൾക്കിടയിൽ പൊതിഞ്ഞ നിലയിൽ ബാഗിനുള്ളിലാക്കി ബസിന്റെ ബർത്തിൽ വെച്ച നിലയിലായിരുന്നു തിരകൾ കണ്ടെടുത്തത്. കസ്റ്റഡിയിലെടുത്ത കാലങ്കി സ്വദേശിയെ വ്യാഴാഴ്ച രാത്രി ഏറെ വൈകും വരെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാവിലെ ഈയാളെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്തു.

അന്വേഷണസംഘം വിരാജ് പേട്ടയിൽ

അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേകസംഘം വിരാജ് പേട്ടയിൽ എത്തി സിസി ക്യാമറകളും പരിശോധിച്ചു. വിരാജ് പേട്ടയിൽ നിന്നും ബാഗുമായി ബസിൽ കയറുന്ന ദൃശ്യം കണ്ടെത്തുന്നതിനായിരുന്നു പരിശോധന. കർണാടകയിലെ കുടക് ജില്ലയിൽ തോക്കും തിരകളും വില്പന നടത്തുന്ന കടകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ കടകളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ വില്പന നടത്തിയ തിരകളുടെ വിവരവും പൊലീസ് ശേഖരിക്കുന്നുണ്ട്. തിരകളും തോക്കും വിൽക്കുന്ന നിരവധി കടകൾ കുടക് ജില്ലയിലുണ്ട്. കാര്യമായ രേഖകൾ ഒന്നും വാങ്ങാതെയാണ് ഇവിടങ്ങളിൽ നിന്നും തിരകൾ വിൽക്കുന്നത്.