കല്യാശ്ശേരി കോട്ട കാത്ത് വിജിൻ

Tuesday 05 May 2026 10:19 PM IST

കല്യാശ്ശേരി: തുടർ വിജയം നേടിയെങ്കിലും 2021ൽ 44,393 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച എം.വിജിന് കല്യാശ്ശേരിയിൽ ഇക്കുറി 18,433 വോട്ടിന്റെ മേധാവിത്വമാണ് ലഭിച്ചത്. കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവത്തനങ്ങൾ തുടരുമെന്നും രണ്ടാംമൂഴം നൽകിയതിൽ വോട്ടർമാരോട് നന്ദിയുണ്ടെന്നും വിജിൻ പറഞ്ഞു.മണ്ഡലത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ട്.കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും.മണ്ഡലത്തിലെ ജനങ്ങളെ നേരിൽ കണ്ട് നന്ദി അറിയിക്കുന്നതിന്റെ തിരക്കിലായിരുന്നു വിജിൻ ഇന്നലെ.

മണ്ഡലം രൂപീകരിച്ചതു മുതൽ സി.പി.എമ്മിന് വലിയ ഭൂരിപക്ഷമുള്ള മണ്ഡലമാണ് കല്യാശ്ശേരി. മണ്ഡലം രൂപീകരിച്ച് 2011ൽ നടന്ന തിരഞ്ഞെടുപ്പിൽ ടി.വി.രാജേഷ് 30,000 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. 2016ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 42,891 ആയി വർദ്ധിച്ചു.

മണ്ഡലത്തിൽ യു.ഡി.എഫിന്റെ വോട്ടുനിലയിൽ വൻ വർദ്ധനവാണ് ഇക്കുറിയുണ്ടായത്. എം.വിജിൻ (81,428), കോൺഗ്രസിലെ രാജീവൻ കപ്പച്ചേരി (62,995), ബി.ജെ.പിയിലെ എ.വി.സനിൽ (13,110) എന്നിങ്ങനെയാണ് വോട്ടിംഗ് നില. ആകെ 1,59,833 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.2021ൽ 43,859 വോട്ടായിരുന്നു വിജിനെതിരെ കോൺഗ്രസിലെ ബ്രജീഷ്‌കുമാർ നേടിയിരുന്നത്. എന്നാൽ ഇക്കുറി 62,995 വോട്ടായി നില ഉയർന്നു.ബി.ജെ.പിക്ക് 1745 വോട്ടിന്റെ വർദ്ധനവും രേഖപ്പെടുത്തി.