മുഖ്യമന്ത്രി: സുകുമാർ അഴീക്കോട് ഉണ്ടായിരുന്നെങ്കിൽ വാ തോരാതെ പറഞ്ഞേനെ- എം.എൻ. കാരശ്ശേരി

Wednesday 13 May 2026 12:08 AM IST
എം.എൻ. കാരശ്ശേരി

കണ്ണൂർ: തിരഞ്ഞെടുപ്പിൽ ചരിത്ര ഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താനാവാത്ത കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് സുകുമാർ അഴീക്കോട് ഉണ്ടായിരുന്നെങ്കിൽ വാ തോരാതെ പറയുമായിരുന്നുവെന്ന് എം.എൻ. കാരശ്ശേരി. സുകുമാർ അഴീക്കോട് ട്രസ്റ്റ് കോട്ടയവും സുകുമാർ അഴീക്കോട് സംസ്കാരികകേന്ദ്രം കണ്ണൂരും ‌ സംയുക്തമായി സംഘടിപ്പിച്ച സുകുമാർ അഴീക്കോട് ജന്മശതാബ്ദി ആഘോഷ സമാപനത്തോടനുബന്ധിച്ച് കണ്ണൂരിൽ നടന്ന സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുകുമാർ അഴീക്കോട് സാംസ്കാരിക കേന്ദ്രം ചെയർമാൻ ഡോ. എ.കെ. നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. ഓർമ്മകൾ പങ്കുവെച്ച് നിയുക്ത എം.എൽ.എ കെ.വി. സുമേഷ്, പന്ന്യൻ രവീന്ദ്രൻ, സുരേഷ്ബാബു എളയാവൂർ, അബ്ദുൾ കരീം ചേലേരി, വി. ദത്തൻ, കെ.ബി സുകുമാരൻ എന്നിവർ പ്രസംഗിച്ചു. അഴീക്കോട് സ്നേഹമുദ്ര സമർപ്പണം പ്രൊഫ. എം. മുഹമ്മദിന് എം.എൻ കാരശ്ശേരി സമ്മാനിച്ചു. സാംസ്കാരിക കേന്ദ്രം അംഗങ്ങളായ സി. സുനിൽകുമാർ സ്വാഗതവും ഡോ. എ.എസ് പ്രശാന്ത് കൃഷ്ണൻ നന്ദിയും പറഞ്ഞു.

വൈകീട്ട് നടന്ന ശതാബ്ദി സമാപനസമ്മേളനം സാമൂഹ്യപ്രവർത്തക മേധപട്കർ ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ സോഷ്യലിസ്റ്റായ സുകുമാർ അഴീക്കോടിനെ പോലുള്ള നേതാക്കൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അവർ പറഞ്ഞു. ചടങ്ങിൽ സുകുമാർ അഴീക്കോട് ദേശീയ പുരസ്കാരം പരിസ്ഥിതി പ്രവർത്തക മേധപട്കർക്കും തമിഴ് നോവലിസ്റ്റ് പെരുമാൾ മുരുകനും സാഹിത്യകാരൻ എം. മുകുന്ദൻ സമ്മാനിച്ചു.