സി.പി.എം - ബി.ജെ.പി സംഘർഷം; 2 പേർക്ക് കുത്തേറ്റു

Sunday 17 May 2026 11:38 PM IST

അഴീക്കോട്: വിവാഹ നിശ്ചയത്തിനെത്തിയ സി.പി.എം, ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷം. രണ്ട് സി.പി.എം പ്രവർത്തകർക്ക് കുത്തേറ്റു. ബി.ജെ.പി പ്രവർത്തകനും മർദ്ദനമേറ്റു. കുത്തേറ്റ പരിക്കുകളോടെ സി.പി.എം പ്രവർത്തകരായ പെരളശേരി വടക്കുമ്പാടെ ജിനേഷ്‌, അമൽ എന്നിവരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിലും ബി.ജെ.പി പ്രവർത്തകനായ ഷൈജുവിനെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. വിവാഹ നിശ്‌ചയം കഴിഞ്ഞ്‌ മടങ്ങുന്നതിനിടെ അഴീക്കോട്‌ മൂന്നുനിരത്തിനടുത്തുള്ള ഹാളിനടുത്ത് വച്ചായിരുന്നു ആക്രമണം. ബി.ജെ.പി പ്രവർത്തകരായ കക്കൻ ഷൈജു, ഗിരീശൻ എന്നിവരാണ്‌ ആക്രമിച്ചതെന്ന് സി.പി.എം പ്രവർത്തകർ പറയുന്നു. തിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തിനു പിന്നാലെ പെരളശേരിയിൽ ഇരുവിഭാഗങ്ങളും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങളുടെ തുടർച്ചയാണ് ഇന്നലത്തെ സംഭവത്തിന് കാരണമായതെന്നാണ് നിഗമനം. വളപട്ടണം പൊലീസ് സ്ഥലത്തെത്തി.