പഴയങ്ങാടി 'രക്ഷാപ്രവർത്തനം': നീതി തേടി ഇരകൾ മുഖ്യമന്ത്രിയുടെ മുന്നിലേക്ക്

Tuesday 19 May 2026 12:25 AM IST
മുഖ്യമന്ത്രി

കണ്ണൂർ: ഇപ്പോഴും ആശുപത്രികളിൽ ചികിത്സ തേടുന്ന പഴയങ്ങാടി ' രക്ഷാ പ്രവർത്തന'ത്തിലെ ഇരകളായ യൂത്ത് കോൺഗ്രസ്‌, കെ.എസ്.യു പ്രവർത്തകർ ക്രൂര മർദ്ദനക്കേസിൽ അന്വേഷണം ത്വരിതപ്പെടുത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിക്കും. ആലപ്പുഴ കരിങ്കൊടി സംഭവത്തിൽ യു.ഡി.എഫ് മന്ത്രിസഭ പുനരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഇതേ ആവശ്യം പഴയങ്ങാടി കേസിലും ഉന്നയിക്കാനാണ് തീരുമാനം. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കാണാനാണ് നീക്കം. 2023 നവംബർ 20ന് നവകേരള സദസ്സിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലൂടെ കടന്നുപോകുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം പഴയങ്ങാടിയിലെത്തിയപ്പോൾ, യൂത്ത് കോൺഗ്രസ്‌, കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചപ്പോൾ തൊട്ടടുത്തുണ്ടായിരുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഹെൽമെറ്റും ഇരുമ്പുദണ്ഡുകളും ചെടിച്ചട്ടികളുമായി നിരായുധരായ പ്രതിഷേധക്കാർക്ക് നേരെ ചാടിവീഴുകയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാലും കെ.എസ്.യു നേതാവ് സഞ്ജുവും ഒന്നര വർഷത്തിനുശേഷവും ചികിത്സ തേടി മംഗളൂരുവിൽ കഴിയുകയാണ്

രക്ഷാപ്രവർത്തനമെന്ന ന്യായീകരണം സംഭവം കഴിഞ്ഞ് അടുത്തദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ ആക്രമണത്തെ ന്യായീകരിക്കാൻ ഒരു അസാധാരണ വ്യാഖ്യാനം ഉപയോഗിച്ചു: 'രക്ഷാപ്രവർത്തനം'. വാഹനത്തിന് മുന്നിലേക്ക് ചാടിവീണ പ്രതിഷേധക്കാരെ വാഹനമിടിക്കാതെ രക്ഷിക്കാനാണ് ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ ശ്രമിച്ചതെന്ന് അദ്ദേഹം വാദിച്ചു. കരിങ്കൊടി കാണിച്ചതിന്റെ പേരിൽ ആറ് യൂത്ത് കോൺഗ്രസ്‌, കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസ് കോടതിയിലെത്തിയപ്പോൾ അവർ പിഴ അടച്ചു. ആക്രമണം നടത്തിയ 14 സി.പി.എം, ഡി.വൈ.എഫ്‌.ഐ പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും അഞ്ചുപേർ മാത്രം അറസ്റ്റിലായി. ഏതാനും ദിവസം ജയിലിൽ കഴിഞ്ഞ അവർ ഇപ്പോൾ ജാമ്യത്തിലാണ്. ഒമ്പതുപേരെ ഇനിയും പിടികൂടിയിട്ടില്ല.

''ആക്രമണം നടത്തിയ ഒട്ടുമിക്ക പ്രതികളും ഇന്നും പിടിക്കപ്പെട്ടിട്ടില്ല. ഞങ്ങൾ ആശുപത്രിയിൽ ചികിത്സ തുടരുമ്പോഴും നീതി ലഭിച്ചില്ല'

സുധീഷ് വെള്ളച്ചാൽ.