വീണ്ടും പൊതുവേദികളിൽ നിറഞ്ഞ് പിണറായി

Wednesday 20 May 2026 9:50 PM IST

കണ്ണൂർ:തിരഞ്ഞെടുപ്പിന് ശേഷം പൊതുപരിപാടികളിൽ നിന്ന് കുറച്ചുദിവസം വിട്ടുനിന്നിരുന്ന മുൻമുഖ്യമന്ത്രി പിണറായി പിണറായി വിജയൻ വീണ്ടും പൊതുവേദികളിൽ സജീവമായി.ഇന്നലെ കണ്ണൂരിൽ പി.ജയരാജന്റെ പുസ്തക പ്രകാശനത്തിലടക്കം വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു.

നിടിയേങ്ങ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം,കല്യാശ്ശേരിയിൽ ഇ.കെ.നായനാർ ദിനാചരണം, മൊയാരം സ്മാരക അവാർഡ് രാമചന്ദ്രൻ കടന്നപ്പള്ളിക്ക് സമ്മാനിക്കുന്ന ചടങ്ങ് എന്നിവയാണ് രണ്ടുദിവസങ്ങൾക്കിടയിൽ പി.ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങിന് പുറമെ പിണറായി പങ്കെടുത്തത്.

മത സ്വത്വവാദത്തിനെതിരെ രൂക്ഷവിമർശനം

കണ്ണൂർ എ.കെ.ജി ഹാളിൽ , സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ രചിച്ച സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച പിണറായി വിജയൻ മത വർഗീയതയ്ക്കെതിരെയും സ്വത്വവാദത്തിനെതിരെയും ശക്തമായ വിമശനം അഴിച്ചുവിട്ടു.

നാട്ടിൽ വർഗീയത സൃഷ്ടിക്കുന്നത് മതമല്ലെന്നും മതത്തെക്കുറിച്ചുള്ള കപടമായ ബോധമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. ഇവയെ വിശ്വാസികളെ അണിനിരത്തി നേരിടേണ്ടതുണ്ടെന്നും ഏതെങ്കിലും മതത്തെ ഇന്ത്യയിലും കേരളത്തിലും വരെ വർഗീയ കലാപം നടത്താൻ ശ്രമിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വർഗീയ വിഷപ്പുക കൊണ്ട് കാഴ്ച കലങ്ങിപ്പോകുന്നവരെ തെളിച്ചെടുക്കാൻ ജയരാജന്റേതു പോലുള്ള രചനാപരമായ ഇടപെടലുകൾ അനിവാര്യമാണെന്നും പിണറായി ആവശ്യപ്പെട്ടു. വിശ്വാസ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം പക്ഷത്ത് ചേർക്കാനുള്ള വർഗീയ ഭീകരവാദികളുടെ ശ്രമം ശക്തമാണ്. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ന്യൂനപക്ഷ വർഗീയതക്കെതിരെ പറഞ്ഞ കാര്യങ്ങൾ ഒരു മത വിഭാഗത്തിനെതിരാണെന്ന് തെറ്റായി പ്രചരിപ്പിക്കുകയായിരുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി. രാഷ്ട്രീയ വർഗീയ ഇസ്ലാമികത കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നതുംകപട വ്യാഖ്യാനം നൽകി ആളെ കൂട്ടാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജയരാജന് പ്രശംസ കേരളത്തിലെ കാവുകളും ക്ഷേത്രങ്ങളും ആഴത്തിൽ പഠിച്ച് തയ്യാറാക്കിയ കൃതിയാണ് സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന് ചൂണ്ടിക്കാട്ടിയ പിണറായി ശരീരം കൊണ്ടും പ്രവൃത്തി കൊണ്ടും വർഗീയതയ്ക്കെതിരെ പോരാടിയ വ്യക്തിയാണ് പി.ജയരാജനെന്നും എടുത്തുപറഞ്ഞു.പുസ്തകത്തിനെതിരെ ഇതിനോടകം സംഘപരിവാർ ഭീഷണി ഉയർന്നതും പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചു. കേരളം പിടിച്ചെടുക്കാനുള്ള ഗ്രാൻഡ് ഡിസൈനാണ് സംഘപരിവാർ 50 വർഷമായി നടത്തുന്നതെന്നും പിണറായി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.