കെ-റെയിൽ റദ്ദാക്കൽ ആഘോഷമാക്കി മഞ്ഞകുറ്റികൾ പിഴുതെറിഞ്ഞു
കണ്ണൂർ: തിരുവനന്തപുരം കാസർകോട് സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ചതിന് പിന്നാലെ കെ റെയിലിനായി സ്ഥാപിച്ച മഞ്ഞ കുറ്റികൾ വ്യാപകമായി പിഴുതെറിഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിൽ 1267 കുറ്റികളാണ് സ്ഥാപിച്ചിരുന്നത്. കെറെയിൽ പദ്ധതി പുതിയ സർക്കാർ ഉപേക്ഷിച്ചതോടെയാണ് കണ്ണൂർ, പഴയങ്ങാടി, മുഴപ്പിലങ്ങാട് എന്നിവടങ്ങളിൽണ് കുറ്റികൾ എടുത്തുകളയാൻ തുടങ്ങിയത്.
കെ റെയിൽ വിരുദ്ധ സമരസമിതി പ്രവർത്തകർ പഴയങ്ങാടി മാടായിപ്പള്ളി കബർസ്ഥാനിൽ സ്ഥാപിച്ച മഞ്ഞ കുറ്റികൾ പിഴുതെറിഞ്ഞു. യൂത്ത് കോൺഗ്രസ് കണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ മഞ്ഞക്കുറ്റികൾ പിഴുതു.കെ.പി.സി.സി മെമ്പർ റിജിൽ മാക്കുറ്റി, യൂത്ത് കോൺഗ്രസ് കണ്ണൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ വരുൺ , സുബീഷ് മരക്കാർകണ്ടി, അനൂപ് ബാലൻ,റിജിൽ ബാബു, എൻ നിവേദ് , അർജുൻ ചാലാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുറ്റി പിഴുതത്.
കോടതി കയറിയിറങ്ങി സമരക്കാർ
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടും സമരത്തിനിറങ്ങിയവർ കോടതി കയറിയിറങ്ങുകയാണ്. സമരത്തിൽ അറസ്റ്റിലായി ജയിലിൽ പോയവരാണ് ഇപ്പോഴും കേസും കോടതിയുമായി നടക്കുകയാണ്.മഞ്ഞക്കുറ്റി പിഴുതെറിയണമെന്ന അന്നത്തെ കെ.പി.സി.സി പ്രസിഡന്റിന്റെ ആഹ്വാനത്തിന് പിന്നാലെ ചിറക്കൽ റെയിൽവെ മേൽപ്പാലത്തിനുസമീപത്ത് കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാപ്പാടൻ ശശിധരൻ, കണ്ണപുരം മണ്ഡലം കോൺ ഗ്രസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് എന്നിവർ ജയിലിലായിരുന്നു. 2022 ഫെബ്രുവരി 8 നായിരുന്നു ഇരുവരും അറസ്റ്റിലായത്. നാലു വർഷത്തിന് ശേഷവും ഇരുവരും കോടതി കയറിയിറങ്ങുകയാണ്.കോടതി ഇവരുടെ കേസ് ജൂൺ 15 ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.