അണികൾ  പറയട്ടെ;  വിമർശനങ്ങൾ കേൾക്കാൻ  പാർട്ടി താഴെ തട്ടിലേക്ക് 

Wednesday 20 May 2026 10:00 PM IST

കണ്ണൂർ: തിരഞ്ഞെടുപ്പ് തോൽവിയുടെ ആഴം തിരിച്ചറിഞ്ഞ് ഘടനാപരമായ ആത്മവിമർശനത്തിലേക്ക് സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വം. ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ചേർന്ന് പരാജയ കാരണങ്ങൾ സൂക്ഷ്മമായി ചർച്ച ചെയ്ത സാഹചര്യത്തിൽ ഇന്നലെ മുതൽ ഏരിയാ കമ്മിറ്റികൾ ആരംഭിച്ചു.

24 മുതൽ ലോക്കൽ കമ്മിറ്റികളും തുടർന്ന് ബ്രാഞ്ചുകളും ചേരും. അടിത്തട്ടിലെ അഭിപ്രായങ്ങൾ നേരിട്ട് കേൾക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്രമത്തിലുള്ള അവലോകന യോഗ പരമ്പര.എന്നാൽ, ഈ അവലോകന ചർച്ചകൾ കേവലം ഔപചാരിക നടപടിക്രമമായി മാറുമോ എന്ന ചോദ്യം അണികളിൽ നിന്നും ഉയരുന്നുണ്ട്.ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തന്നെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. സി പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ആ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറിയുടെയും പ്രവർത്തന ശൈലി ജനങ്ങൾക്ക് സ്വീകാര്യമായില്ലെന്ന് അംഗങ്ങൾ നേരിട്ട് ചൂണ്ടിക്കാട്ടി.പയ്യന്നൂരിലും തളിപ്പറമ്പിലും നേതൃത്വം അമിത ആത്മവിശ്വാസം പുലർത്തി, അടിയൊഴുക്കുകൾ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് നേരിട്ട് വിമർശനം ഉണ്ടായി. വി.കുഞ്ഞികൃഷ്ണനെ നിസ്സാരമായി കണ്ടതും ടി.കെ.ഗോവിന്ദന്റെ പാർട്ടി വിടൽ ആവശ്യമെങ്കിൽ തടയാൻ കഴിയുമായിരുന്നുവെന്ന ശക്തമായ അഭിപ്രായവും അംഗങ്ങൾ ഉന്നയിച്ചു.

ബാഹ്യകാരണങ്ങൾ നിരത്തി ജില്ലാസെക്രട്ടറി ഈ സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് തോൽവിയിലേക്ക് നയിച്ച ബാഹ്യ ഘടകങ്ങളെ മുൻനിർത്തി കഴിഞ്ഞ ദിവസം പ്രതികരണം നടത്തിയത്. ന്യൂനപക്ഷ വർഗീയത, ബി.ജെ.പി-കോൺഗ്രസ് വോട്ട് കൈമാറ്റം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിക്കുന്ന ഈ നിലപാട്, ആഭ്യന്തര വിമർശനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഏരിയ,ലോക്കൽ ബ്രാഞ്ച് യോഗ പരമ്പരയിൽ വിമർശനങ്ങൾ കൂടുതൽ ശക്തമായ രൂപത്തിൽ ആവർത്തിക്കപ്പെടുമെന്ന് ജില്ലാ നേതൃത്വം കരുതുന്നുണ്ട്. ജില്ലാസംസ്ഥാന തലങ്ങളിൽ ഉയർന്ന ചോദ്യങ്ങൾക്ക് ബ്രാഞ്ച് തലത്തിൽ ഉത്തരം കണ്ടെത്തേണ്ടി വരുന്ന അവസ്ഥ പാർട്ടിക്ക് നേരിടേണ്ടി വരും.