മട്ടന്നൂരിന്റെ സിനിമ മാംഗല്യ കളരി പ്രദർശിപ്പിച്ചു

Friday 22 May 2026 9:19 PM IST

മട്ടന്നൂർ:മട്ടന്നൂർ പശ്ചാത്തലമാക്കി ഒരുക്കിയ സിനിമ മാംഗല്യ കളരിയുടെ ആദ്യ പ്രദർശനം നടത്തി. ഹോൺരാജ് ഫിലിംസിന്റെ ബാനറിൽ മാടത്തിൽ സ്വദേശിയും ശിവപുരം ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകനുമായ സ്വാതിരാജ് വെള്ളുവ വീട്ടിൽ രചനയും സംവിധാനവും നിർവഹിച്ച ' സിനിമയുടെ ആദ്യ പ്രദർശനം മട്ടന്നൂർ ഔറ സിനിമാഹാളിൽ ക്ഷണിക്കപ്പെട്ടവർക്ക് മുന്നിലാണ് നടന്നത്. സമകാലീന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളും പൊരുത്തക്കേടുകളും തുറന്നുകാട്ടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.അനിൽ മട്ടന്നൂർ കാമറയും എഡിറ്റിംഗും നിർവഹിച്ച സിനിമയിൽ ഹണി മട്ടന്നൂർ, അനശ്വര മുരളീധരൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാദം മുരളി, ഗംഗാധരൻ മട്ടന്നൂർ, ബാബു കൊടോളിപ്രം, സുജാത, സന്തോഷ് ഉളിക്കൽ, മനോജ്, വിജീഷ്, ഉണ്ണിക്കൃഷ്ണൻ തോലമ്പ്ര, സജീവൻ പാറക്കണ്ടി, അശ്വതി, തുടങ്ങിയവർ ശ്രദ്ധേയ വേഷങ്ങളിലുണ്ട്.