പുത്തൻ അദ്ധ്യയനവർഷം മുന്നിൽ തുടക്കം കളറാക്കാൻ സ്കൂളുകൾ
കണ്ണൂർ: പുതിയ അദ്ധ്യയന വർഷം പിറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സ്കൂളുകൾ ഒരുക്കം തുടങ്ങി.പ്രവേശനോത്സവം കളറാക്കാനുള്ള തയ്യാറെടുപ്പിലാണ് മിക്ക സ്കൂളുകളും. പരിസരവും കെട്ടിടവും വൃത്തിയാക്കുന്ന തിരക്കാണ് എവിടെയും. അദ്ധ്യാപകരും പി.ടി.എയും നാട്ടുകാരും സഹകരിച്ചാണ് പൊതുവിദ്യാലയങ്ങളെ ഒരുക്കുന്നത്.
ഏതാണ്ട് എല്ലായിടത്തും കെട്ടിടങ്ങളുടെയും ക്ലാസ് മുറികളുടെയും ശുചിമുറികളുടെയുമെല്ലാം അറ്റകുറ്റപ്പണികൾ അവസാനഘട്ടത്തിലാണ്. ക്ലാസ് മുറികളുടെ പെയിന്റിംഗ്, സ്കൂൾ മുറ്റം അലങ്കരിക്കൽ, ബെഞ്ച്,ഡസ്ക് എന്നിവയുടെ കേടുപാട് പരിഹരിക്കൽ എന്നിങ്ങനെ നീളുന്നു പ്രവൃത്തികൾ. മൈതാനങ്ങളിലെയും പരിസര പ്രദേശങ്ങളിലെയും കാടുംപടലും വെട്ടിനീക്കുന്ന പ്രവൃത്തികളും നടക്കുന്നുണ്ട്. പി.ടി.എക്ക് പുറമെ വിവിധ സംഘടനകളും ഈ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സ്കൂളുകളിൽ സന്ദർശനം നടത്തി. ടോയ്ലറ്റ് നവീകരണം, കുടിവെള്ള സംവിധാനം, ലാബുകൾ, കളിസ്ഥലം, ചുറ്റുമതിൽ, കെട്ടിട നവീകരണം തുടങ്ങിയ കാര്യങ്ങളാണ് സംഘം വിലയിരുത്തിയത്. സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്കുന്നതിനായി വിവിധ വകുപ്പുകളുടെ പരിശോധനയും ഇതെസമയത്ത് നടക്കുന്നുണ്ട്. ഫോറസ്റ്റ്, ഫയർഫോഴ്സ്, ആരോഗ്യ വിഭാഗം എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പരിശോധനയിൽ സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ, ക്ലാസ് മുറികളുടെ സൗകര്യങ്ങൾ, വൈദ്യുതി സംവിധാനങ്ങൾ തുടങ്ങിയ വിശദമായി വിലയിരുത്തുന്നുണ്ട്.പാഠപുസ്തകങ്ങളും യൂണിഫോമുകളും സമയബന്ധിതമായി ലഭ്യമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിനു നിർദേശം ലഭിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ പരിശോധനകളിൽ അപാകതകൾ കണ്ടെത്തുന്ന സ്കൂളുകളിൽ അടിയന്തിര പരിഹാരം നിർദ്ദേശിച്ചിട്ടുണ്ട്. വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
തദ്ദേശസ്ഥാപനങ്ങൾ നൽകും സർട്ടിഫിക്കറ്റ്
സ്കൂൾ ഫിറ്റ്നസ് അനുവദിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ മാത്രം പരിശോധന മതിയെന്ന് വ്യക്തമാക്കി ഇതിനകം സർക്കാർ സർക്കുലർ ഇറക്കിയിട്ടുണ്ട്. ഇതെ തുടർന്ന് സ്കൂൾ മാനേജ്മെന്റുകളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ പൂർത്തികരിച്ചുകഴിഞ്ഞു .
സ്കൂൾ ബസുകളുടെ പരിശോധനയും തുടങ്ങി
സ്കൂൾ ബസുകളുടെ ഫിറ്റ്നസ് ഉറപ്പിക്കാനുള്ള മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനകൾ ജില്ലയിലെ വിവിധ ആർ.ടി.ഒ ഓഫീസുകളുടെ കീഴിൽ പുരോഗമിക്കുകയാണ്. വാഹനത്തിന്റെ ടയറുകൾ , വൈപ്പർ, എമർജൻസി വാതിലുകൾ , ലൈറ്റുകൾ , ഇൻഡിക്കേറ്റർ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്. കണ്ണൂരിൽ തിങ്കളാഴ്ച്ചയാണ് പരിശോധന.അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പായി മുഴുവൻ സ്കൂൾ ബസുകളുടെയും ഫിറ്റ്നസ് ഉറപ്പുവരുത്തും.
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പ്രവർത്തനം മികച്ച രീതിയിൽ പുരോഗമിക്കുകയാണ് . ശുചീകരണ പ്രവർത്തനങ്ങളും നടന്നു വരുന്നു .വിവിധ സ്കൂളുകളിൽ നടത്തിയ സന്ദർശനങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാലയങ്ങളുടെ ആവശ്യങ്ങൾ ക്രോഡീകരിച്ച് ഘട്ടംഘട്ടമായി എല്ലാ സ്കൂളുകളിലേക്കും ആവശ്യമായ നവീകരണം പൂർത്തീകരിക്കും-
ബിനോയ് കുര്യൻ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്