മലയോരത്തെ 'കുഴി"യിലാക്കി ജലജീവൻ പൈപ്പിടൽ

Saturday 23 May 2026 12:19 AM IST
ജലജീവൻ മിഷൻ പദ്ധതിക്കു വേണ്ടി റോഡ് കുഴിച്ചതിനെ തുടർന്ന് ചെളിക്കുളമായ മണക്കടവ് ടൗൺ.

ആലക്കോട്: ജലജീവൻ പദ്ധതിക്കു വേണ്ടി പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി മലയോര മേഖലയിൽ വാഹന യാത്രക്കാരെയും കാൽനടക്കാരെയും 'കുഴിയിലാക്കി". മലയോര ഹൈവേയിലൂടെയാണ് പ്രധാനമായും വലിയ കുഴികളെടുത്ത് കൂറ്റൻ പൈപ്പുകളിടുന്നത്. ഉളിക്കൽ മുതൽ പയ്യാവൂർ, ചെമ്പേരി, നടുവിൽ, ആലക്കോട്, മണക്കടവ് വരെ പ്രധാന റോഡുകൾ മിക്കതും പൈപ്പുലൈൻ കടന്നുപോവുന്നതാണ്. കോടിക്കണക്കിനു രൂപ മുടക്കി നിർമ്മിച്ച മലയോര ഹൈവേയുടെ കോൺക്രീറ്റ് ചെയ്ത അരികുകളും പ്രധാന ടൗൺ ജംഗ്ഷനുകളിൽ റോഡ് നെടുകയും ജെസിബി കൊണ്ട് കുഴിക്കുകയാണ് ചെയ്യുന്നത്.

എന്നാൽ ഈ കുഴികൾ വേണ്ടത്ര മണ്ണു നിറച്ച് അമർത്താതെ പണി പൂർത്തീകരിക്കുന്നതിനാൽ വാഹനങ്ങൾ നിരന്തരം കുഴികളിൽ താഴ്ന്ന് അപകടം ഉണ്ടാകുന്നു. ചെമ്പേരി ടൗണിൽ കഴിഞ്ഞദിവസം രാത്രിയിൽ ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് കുഴിയിൽ താണ് ബസ് യാത്രക്കാർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. മഴ പെയ്തതോടെ ചെമ്പേരി ടൗണും മണക്കടവ് ടൗണും ചെളിക്കുളമായി മാറിയത് വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവരെയും വ്യാപാരികളെയും വലക്കുകയാണ്.

സ്‌കൂൾ തുറക്കാനിരിക്കെ നല്ല വ്യാപാരം നടക്കേണ്ട കടകളിൽ കച്ചവടം കുറഞ്ഞെന്ന് വ്യാപാരികൾ പറയുന്നു. ഓട്ടോ സ്റ്റാൻഡുകളിലെ ഓട്ടോ ഡ്രൈവർമാരും പ്രയാസപ്പെടുകയാണ്. മലയോര പ്രദേശമായ ഉദയഗിരിയിലെ കുത്തനെ കയറ്റവും ഇറക്കുമുള്ള വീതി കുറഞ്ഞ റോഡുകൾ ദിവസങ്ങളോളം അടച്ചിടുന്നതിനാൽ വാഹന യാത്രക്കാർ വളഞ്ഞു ചുറ്റി യാത്ര ചെയ്യേണ്ടി വരുന്നു.

പരിചയമില്ലാത്തവർക്ക് മുന്നിൽ ചതിക്കുഴി

നടുവിൽ മുതൽ ആലക്കോട് വരെയുള്ള മലയോര ഹൈവേയിൽ കൂറ്റൻ പൈപ്പുകൾ ഇറക്കിവച്ചിരിക്കുകയാണ്. ഇവിടെ പൈപ്പിടാൻ കുഴികളെടുക്കുന്നതോടെ മഴക്കാലത്ത് റോഡുകളിൽ ചെളി നിറഞ്ഞ് യാത്രാ ദുരിതം വർദ്ധിക്കുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. മലയോരത്തെ വളവും തിരിവും നിറഞ്ഞ റോഡുകളിലൂടെ തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നുമെത്തുന്ന പടുകൂറ്റൻ ലോറികളിലെ, പ്രദേശത്തെക്കുറിച്ച് പരിചയമില്ലാത്ത, ഡ്രൈവർമാരും അപകടത്തിൽപ്പെടുന്നത് പതിവായി. കഴിഞ്ഞ ദിവസം ആലക്കോട് റൂട്ടിലെ ഒടുവള്ളി വളവിൽ ലോറി മറിഞ്ഞു.

ജലജീവൻ മിഷൻ പദ്ധതിക്കു വേണ്ടിയുള്ള പൈപ്പിടൽ കാരണമുണ്ടാവുന്ന ദുരിതം അവസാനിപ്പിക്കണം. മണക്കടവ് ടൗൺ കാൽനടയാത്രയ്ക്കു പോലും പറ്റാത്ത വിധം ചെളിക്കുളമായിരിക്കുകയാണ്. വെട്ടി പൊളിക്കുന്ന റോഡുകൾ അടിയന്തരമായി പൂർവ്വസ്ഥിതിയിൽ ആക്കിയതിനു ശേഷം മാത്രമെ പുതിയ സ്ഥലത്ത് പ്രവൃത്തി നടത്താവൂ.

സി.പി.ഐ ഉദയഗിരി ലോക്കൽ കമ്മിറ്റി