കൊട്ടിയൂരിലേക്ക് വൻ ഭക്തജനപ്രവാഹം
കൊട്ടിയൂർ:നിതൃപൂജകളും സ്ത്രീകളുടെ ദർശനകാലവും തുടങ്ങിയതോടെ ഇന്നലെ കൊട്ടിയൂരിൽ വൻ ഭക്തജന പ്രവാഹമാണ് അനുഭവപ്പെട്ടത്. കർണ്ണാടകത്തിൽ നിന്നുള്ള ഭക്തർ ഉൾപ്പെടെ പതിനായിരങ്ങൾ അക്കരെ സന്നിധാനത്ത് എത്തിച്ചേർന്നു.
ദർശനത്തിനായി ഭക്തർക്ക് ഏറെനേരം ക്യൂ നിൽക്കേണ്ടി വന്നു. ഉച്ചയോടെ തിരക്കിന് നേരിയ ശമനം ഉണ്ടായെങ്കിലും വൈകുന്നേരത്തോടെ അക്കരെ സന്നിധിയിലേക്ക് ഭക്തജനങ്ങൾ ഒഴുകിയെത്തി.
സുരക്ഷാക്രമീകരണം വിലയിരുത്തി ഡി.ഐ.ജി
കൊട്ടിയൂരിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ കണ്ണൂർ റേഞ്ച് ഡി. ഐ. ജി യതീഷ് ചന്ദ്ര നേരിട്ടെത്തി.
വൈശാഖ മഹോത്സവത്തിന് കർണ്ണാടകത്തിൽ നിന്നുൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തജനപ്രവാഹം പരിഗണിച്ച് കന്നട സംസാരിക്കുന്ന പൊലീസുകാരെയും സുരക്ഷയ്ക്കായി 600 പൊലീസുകാരെയും നിയമിച്ചിട്ടുണ്ടെന്ന് ഡി. ഐ. ജി യതീഷ് ചന്ദ്ര പറഞ്ഞു.
കൊട്ടിയൂർ അക്കരെ, ഇക്കരെ ക്ഷേത്രങ്ങളിലെത്തിയ ഡി.ഐ.ജി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷം ദേവസ്വം അധികൃതർക്കും പൊലീസിനും നിർദേശങ്ങളും നൽകി. ജില്ലാ റൂറൽ പോലീസ് മേധാവി അനുജ് പലിവാൾ പേരാവൂർ ഡിവൈ.എസ് പി ചന്ദ്രമോഹനൻ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്. പി കെ. പ്രേമചന്ദ്രൻ കോളയം എസ്. എച്ച് .ഒ ഇതിഹാസ് താഹ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ.ഗോകുൽ,മറ്റ് ദേവസ്വം ഉദ്യോഗസ്ഥർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പാർക്കിംഗ് ഉൾപ്പെടെ ചെയ്യാൻ പറ്റുന്ന കാര്യങ്ങളെല്ലാം ദേവസ്വം നന്നായി ചെയ്തിട്ടുണ്ട്. ഇവിടെയെത്തുന്നവരെല്ലാം ബന്ധപ്പെട്ടവർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും എല്ലാവരുടെയും സഹകരണവും ഉണ്ടാകണമെന്നും ഭക്തർക്ക് ബുദ്ധിമുട്ടില്ലാതെ ക്ഷേത്രത്തിൽ വന്ന് ദർശനം നടത്തി മടങ്ങാനുള്ള എല്ലാ സൗകര്യങ്ങളും സർക്കാരിൻ്റെ ഭാഗത്തുനിന്നും ദേവസ്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്- കണ്ണൂർ റേഞ്ച് ഡി. ഐ. ജി യതീഷ് ചന്ദ്ര