വാഗ്ദാനം ആവി​യായി​, നീരാവിൽ വലയുന്നു

Wednesday 20 May 2026 12:54 AM IST
നീരാവിൽ അടിപ്പാതയ്ക്ക് സമീപം ദേശീയപാതയുടെ സർവ്വീസ് റോഡും ലക്ഷം വീട് റോഡും തമ്മിലുള്ള ഉയരവ്യത്യാസം

കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി സർവീസ് റോഡ് താഴ്ത്തി നിർമ്മിച്ചതോടെ നീരാവിൽ ഭാഗത്ത് വഴിയടഞ്ഞ് എഴുപതോളം കുടുംബങ്ങൾ. നീരാവിൽ അടപ്പാതയ്ക്ക് സമീപം താഴ്ത്തി നിർമ്മിച്ച സർവ്വീസ് റോഡും അവിടെ നിന്നുള്ള ലക്ഷം വീട് റോഡും തമ്മിൽ ഇപ്പോൾ നാല് മീറ്ററോളം ഉയര വ്യത്യാസമുണ്ട്. വി​ഷയം പരിഹരിക്കുമെന്ന് പറഞ്ഞ് സർവ്വീസ് റോഡ് നിർമ്മാണം തുടങ്ങിയ കരാർ കമ്പനി പിന്നീട് തിരഞ്ഞു നോക്കിയിട്ടേയില്ല.

സർവ്വീസ് റോഡ് താഴുകയോ ഉയരുകയോ ചെയ്യുന്ന സ്ഥലങ്ങളിൽ അവിടേക്കുള്ള ഇടറോഡുകളുടെ ഉയരം ക്രമീകരിച്ച് ടാർ ചെയ്ത് നൽകണമെന്ന് ദേശീയപാത നിർമ്മാണത്തിന്റെ കരാറിൽ വ്യവസ്ഥയുള്ളതാണ്. കരാർ കമ്പനി വലയ്ക്കുമോയെന്ന ഭീതിയിൽ നീരാവിൽ അടിപ്പാതയ്ക്ക് സമീപം സർവ്വീസ് റോഡിന്റെ നിർമ്മാണം തുടങ്ങിയപ്പോൾ തന്നെ പ്രദേശവാസികൾ ഇടറോഡ് സ്ലോപ്പ് ചെയ്തുനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. സർവ്വീസ് റോഡ് നിർമ്മാണം പൂർത്തിയായ ശേഷം പ്രദേശവാസികൾ പലതവണ ബന്ധപ്പെട്ടിട്ടും കരാർ കമ്പനി ഗൗനി​ക്കുന്നി​ല്ല.

ലക്ഷം വീട് ഉന്നതിയിലേതടക്കമുള്ള കുടുംബങ്ങൾ ഈ റോഡി​ന് സമീപം താമസിക്കുന്നുണ്ട്. ഇവരെല്ലാം അര കിലോമീറ്ററിലധികം ചുറ്റിക്കറങ്ങി തേവരഴികം ഭാഗം വഴിയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. തേവരഴികം ഭാഗത്ത് സർവ്വീസ് റോഡും ഇടറോഡും തമ്മിലുള്ള ഉയരവ്യത്യാസവും പരിഹരിച്ചിട്ടില്ല. കരാർ കമ്പനിക്ക് മണിക്കൂറുകൾ മാത്രമെടുത്ത് പൂർത്തിയാക്കാവുന്ന ജോലിയാണ് നാട്ടുകാരെ ദുരിതത്തിലാക്കി അനന്തമായി നീട്ടുന്നത്.

 നീരാവിൽ ബസ് ഷെൽട്ടർ കുരീപ്പുഴയിൽ

നീരാവിലെ ബസ് ഷെൽട്ടർ 300 മീറ്റർ അകലെ കുരീപ്പുഴയിലാണ് സ്ഥാപിച്ചിരിക്കുന്നത്. യാത്രക്കാരെ വട്ടംകറക്കുന്ന തരത്തിൽ കുരീപ്പുഴയിലെ ബസ് ഷെൽട്ടറിന് മുന്നിൽ നീരാവിൽ എന്നാണ് എഴുതിയിരിക്കുന്നത്.

സർവ്വീസ് റോഡുമായുള്ള ഉയര വത്യാസം പരിഹരിച്ച് ലക്ഷം വീട് റോഡ് സ്ലോപ്പ് ചെയ്യുന്നത് ഇനിയും വൈകിയാൽ കരാർ കമ്പനിയുടെ ഓഫീസ് ഉപരോധിക്കുന്നത് അടക്കമുള്ള സമരങ്ങളിലേക്ക് നീങ്ങും

ഷാജി മോഹൻ (പ്രസിഡന്റ്, നീരാവിൽ സൗത്ത് റസിഡന്റ്സ് അസോസിയേഷൻ)