രാമൻകുളങ്ങര–മരുത്തടി റോഡ്... പൊട്ടിപ്പൊളിഞ്ഞ റോഡിൽ നട്ടം തിരിഞ്ഞ് നാട്ടുകാർ
കൊല്ലം: കോർപ്പറേഷനിലെ അഞ്ച് ഡിവിഷനുകളിലൂടെ കടന്നുപോകുന്ന, ഏകദേശം മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള രാമൻകുളങ്ങര- മരുത്തടി റോഡ് പൊട്ടിപ്പൊളിഞ്ഞ് നാടിന് ദുരിതമായിട്ടും തിരിഞ്ഞു നോക്കാൻ ആളില്ല. നേരേ ചൊവ്വേ സഞ്ചരിക്കാനാവാത്ത അവസ്ഥയിലാണ് റോഡ്.
ആലാട്ട്കാവ്, കന്നിമേൽ വെസ്റ്റ്, കന്നിമേൽ തുടങ്ങി അഞ്ച് കോർപറേഷൻ ഡിവിഷനുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പുറമെ മരുത്തടി സ്കൂൾ, പള്ളിക്കാവ് സ്കൂൾ, കേന്ദ്രീയ വിദ്യാലയം, സെന്റ് മേരീസ് സ്കൂൾ, അങ്കണവാടികൾ തുടങ്ങിയ ഒട്ടേറെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഈ ഭാഗങ്ങളിലുണ്ട്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴും ഇവിടമൊന്നു ശ്രദ്ധിക്കാൻ ആരും തയ്യാറാവുന്നില്ല. രാമൻകുളങ്ങര, കോട്ടൂർകുളങ്ങര ക്ഷേത്രത്തിന് സമീപം, ഗോപിക്കട ജംഗ്ഷൻ, കെ.ബി.സി ജംഗ്ഷൻ, പഴവൂർ ജംഗ്ഷൻ തുടങ്ങിയ ഭാഗങ്ങളിലെല്ലാം റോഡ് പൊളിഞ്ഞു കിടക്കുകയാണ്.
മുമ്പ് മരുത്തടി ഉത്സവത്തോടനുബന്ധിച്ച് പാച്ച് വർക്ക് ചെയ്യാൻ കോർപ്പറേഷൻ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ കത്ത് നൽകിയിരുന്നു. തുടർന്ന് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് പൂർണ്ണമായി നവീകരിക്കാൻ സംസ്ഥാന സർക്കാർ 2 കോടിയോളം രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ റീ-ടെൻഡറിൽ പദ്ധതി തുകയേക്കാൾ 28 ശതമാനം അധികത്തിലാണ് കരാർ ഉറപ്പിച്ചത്.
പരമാവധി 20 ശതമാനം
പൊതുമരാമത്ത് വകുപ്പിന് പരമാവധി 20 ശതമാനം അധികത്തുക മാത്രമേ സ്വന്തം നിലയ്ക്ക് അനുവദിക്കാൻ നിയമപരമായ അധികാരമുള്ളൂ. അതിൽക്കൂടുതൽ തുക അനുവദിക്കണമെങ്കിൽ മന്ത്രിസഭയുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഈ ഭരണാനുമതി ലഭിക്കാത്തതാണ് നിലവിൽ പണി മുടങ്ങാൻ കാരണം. മന്ത്രിസഭയുടെ അനുമതി വേഗത്തിലാക്കി റോഡ് പണി ഉടൻ പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അധികൃതർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അല്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും പ്രദേശവാസികൾ പറയുന്നു.
മഴ പെയ്തു കഴിഞ്ഞാൽ പിന്നെ ഞങ്ങൾക്ക് അങ്ങോട്ട് പോകാൻ ഒട്ടും പറ്റില്ല; കുഴിയേത്, റോഡേത് എന്ന് അറിയാൻ പറ്റാത്ത അവസ്ഥയാണ്. രണ്ടര മാസമായി ഞങ്ങളുടെ നടുവ് പൊളിയുകയാണ്. ഇതിനൊരു ശാശ്വത പരിഹാരം വേണം
രാജീവൻ, ഓട്ടോറിക്ഷാ ഡ്രൈവർ, രാമൻകുളങ്ങര