കാനിലും കുപ്പിയിലും ഇന്ധനമില്ല, ജനറേറ്ററുകൾ നിലയ്‌ക്കുന്നു

Wednesday 27 May 2026 12:21 AM IST

കൊല്ലം: കുപ്പിയിലും കാനിലും ബോട്ടിലുകളിലും ഡീസലും പെട്രോളും നൽകരുതെന്ന നിർബന്ധന കർശനമാക്കിയതോടെ വിവിധ സ്ഥാപനങ്ങളിൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കൽ പ്രതിസന്ധിയിൽ. കഴിഞ്ഞ ദിവസം പൊലീസ് പല പമ്പുകൾക്ക് മുന്നിലും കർശന നിർദ്ദേശമടങ്ങിയ ഫ്ലക്സ് പതിച്ചതോടെ ജീവനക്കാർ കുപ്പിയിലും കാനുകളിലും ഇന്ധനം നൽകാൻ മടിക്കുകയാണ്.

മണ്ണെണ്ണ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജനറേറ്ററുകളുടെ എണ്ണം കുറവാണ്. ചെറിയ ജനറേറ്ററുകൾ കൂടുതലും പെട്രോളിലും വലിയ ജനറേറ്ററുകൾ ഡീസലിലുമാണ് പ്രവർത്തിക്കുന്നത്. ചെറിയ ജനറേറ്ററുകൾ പോലും ഇന്ധനം നിറയ്ക്കാനായി പമ്പുകളിലേക്ക് കൊണ്ടുവരൽ അപ്രായോഗികമാണ്. ടെക്സ്റ്റൈൽസ്, ജൂവലറികൾ, വലിയ ഷോറൂമുകൾ തുടങ്ങിയിടങ്ങളിലുള്ള വലിയ ജനറേറ്റുകൾ വാഹനത്തിൽ കയറ്റിപ്പോലും പമ്പുകളിൽ എത്തിക്കാനാകില്ല. മഴക്കാലമായതിനാൽ വൈദ്യതി ബന്ധം ഇടയ്ക്കിടെ തകരാറിലാകും. ഈ സമയം ജനറേറ്റർ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ പല സ്ഥാപനങ്ങളുടെയും പ്രവർത്തനം അവതാളത്തിലാകും.

നിർമ്മാണ മേഖലയിലും പ്രതിസന്ധി

നിർമ്മാണ മേഖലയിലെ വിവിധ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനും ഡീസൽ വേണം. ഇവയും ഇന്ധനം നിറയ്ക്കാൻ പമ്പുകളിലേക്ക് എത്തിക്കാനാകില്ല. പൊലീസിന് പുറമേ ഇന്ധന കമ്പനികളും കാനിലും കുപ്പികളിലും ഇന്ധനം നൽകരുതെന്ന് പമ്പ് ഉടമകൾക്ക് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പലയിടങ്ങളിലും കാനിൽ ഇന്ധനം വാങ്ങാനെത്തിയവരും പമ്പ് ജീവനക്കാരും തമ്മിൽ തർക്കവുമുണ്ടായി.

സുരക്ഷാ പ്രശ്നങ്ങൾക്ക് പുറമേ ഇന്ധനം കൂടുതലായി വാങ്ങി സംഭരിക്കുന്നത് ഒഴിവാക്കാൻ കൂടിയാണ് ഇപ്പോൾ നിബന്ധന കർശനമാക്കിയിരിക്കുന്നത്.

പൊലീസ് അധികൃതർ