ഫുൾ മാർക്കും ഫുൾ എ പ്ളസുമായി നീരാഞ്ജനത്തിലെ ഇരട്ടകൾ

Wednesday 27 May 2026 12:23 AM IST

കൊല്ലം: പുത്തൂർ ഇടവട്ടം നീരാഞ്ജനത്തിൽ പ്ളസ് ടു വിജയത്തിന്റെ അതിമധുരം. ഇരട്ടക്കുട്ടികളിൽ ഒരാൾ ഫുൾ മാർക്ക് നേടിയപ്പോൾ മറ്റേയാൾ എല്ലാ വിഷയത്തിനും എ പ്ളസ് സ്വന്തമാക്കി. പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ നിരഞ്ജന പിള്ള 1200 മാർക്ക് സ്വന്തമാക്കിയപ്പോൾ ഇരട്ട സഹോദരി നീരജ പിള്ള 1178 മാർക്കോടെ എല്ലാ വിഷയത്തിനും എ പ്ളസ് നേടി.

പത്താം ക്ളാസിലും ഇരുവരും എല്ലാ വിഷയത്തിനും എ പ്ളസ് നേടിയിരുന്നു. പ്ളസ് ടുവിന് നിരഞ്ജന കമ്പ്യൂട്ടർ സയൻസാണെ‌ടുത്തത്. ഭൗതിക ശാസ്ത്രത്തിൽ ഗവേഷണം നടത്തുകയാണ് ലക്ഷ്യം. 2025ലെ സംസ്ഥാന ബാലശാസ്ത്ര പുരസ്കാര ജേതാവായ നിരഞ്ജനയ്ക്ക് സംസ്ഥാന ഗണിതശാസ്ത്ര പ്രോജക്ടിൽ ഒന്നാം സമ്മാനവും ലഭിച്ചിരുന്നു.

ബയോളജി സയൻസെടുത്ത നീരജയ്ക്ക് ഡോക്ടറാകാനാണ് ആഗ്രഹം. സംസ്ഥാന ശാസ്ത്ര മേളയിൽ റോബോട്ടിക്സിൽ എ ഗ്രേഡ് നേടിയിരുന്നു. രണ്ടുപേരും കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ ബാലശാസ്ത്ര കോൺഗ്രസിലും പങ്കെടുത്തിരുന്നു.

റിട്ട.ബാങ്ക് ഉദ്യോഗസ്ഥൻ എം.ബാബുക്കുട്ടൻ പിള്ളയുടെയും അദ്ധ്യാപിക പി.താരയുടെയും മക്കളാണ്. അനുജത്തി ഒൻപതാം ക്ളാസ് വിദ്യാർത്ഥിനി നീരദ പിള്ള.

എന്നും ഞങ്ങൾ വല്യകൂട്ടാണെങ്കിലും പഠനകാര്യത്തിൽ വ്യത്യസ്തരാണ്. വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത രീതികളിലാണ് പഠനം.

നിരഞ്ജന പിള്ള, നീരജ പിള്ള