“ഹൃദ്യം 2026” വനിതാരോഗ്യ ബോധവത്കരണ പരിപാടി
കൊട്ടാരക്കര: അന്താരാഷ്ട്ര വനിതാ ആരോഗ്യ പ്രവർത്തന ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കൊട്ടാരക്കര ബ്രാഞ്ചും വിമൺ ഡെന്റൽ കൗൺസിലും ചേർന്ന് “ഹൃദ്യം 2026” എന്ന പേരിൽ വനിതാരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കരിമ്പിൻകോണം ജെൻഡർ റിസോഴ്‌സ് സെന്ററിൽ നടന്ന പരിപാടിയിൽ ദന്താരോഗ്യവും ഹൃദയാരോഗ്യവും സംബന്ധിച്ച ബോധവത്കരണ ക്ലാസ് നടത്തി.
“Healthy Gums, Healthy Heart, Healthy Her” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച പരിപാടിയിൽ സ്ത്രീകളിലെ ഹൃദ്രോഗ സാദ്ധ്യതകൾ, ദന്താരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം, ജീവിതശൈലി രോഗങ്ങൾ തടയുന്നതിൽ ആരോഗ്യകരമായ ശീലങ്ങളുടെ പങ്ക് എന്നിവയെക്കുറിച്ച് വിശദമായി അവബോധം നൽകി. എൻഡോഡോണ്ടിക്സ് വിദഗ്ധ ഡോ. ആഷ്‌ലി മറിയം വിഷയാവതരണം നടത്തി.
എ.ഡി.എസ് പ്രസിഡന്റ് രമ രമേശൻ അദ്ധ്യക്ഷയായി. എ.ഡി.എസ് സെക്രട്ടറി രെഞ്ജനി സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ അഡ്വ.പി.ആർ.ബാലചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് ചെയർപേഴ്സൺ മഞ്ജുലേഖ, വൈസ് ചെയർപേഴ്സൺ ശമ്നീ, സി.ഡി.എസ് മെമ്പർ പ്രസന്ന എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കൊട്ടാരക്കര ബ്രാഞ്ച് മെമ്പർ ഡോ. ജയകൃഷ്ണൻ എം ഉൾപ്പെടെ വിവിധ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. വിമൺ ഡെന്റൽ കൗൺസിൽ അംഗങ്ങളായ ഡോ. ആര്യശ്രീ, ഡോ. അനഘ, ഡോ. സുനു തോമസ്, ഡോ. സംഗീത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.