കാലവർഷമെത്തി​, വളർത്തു മൃഗങ്ങളിൽ ശ്രദ്ധ വേണം

Wednesday 03 June 2026 12:47 AM IST

കൊല്ലം: കാലവർഷം ആരംഭിച്ചതി​നാൽ വളർത്തുമൃഗങ്ങളുടെ പരിപാലനത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് മൃഗ സംരക്ഷണ വകുപ്പ് അധി​കൃതർ. രോഗബാധയ്ക്ക് സാദ്ധ്യതയുള്ളതിനാൽ വളർത്തു മൃഗങ്ങളുടെ കൂടുകൾ, തീറ്റപ്പാത്രങ്ങൾ, വെള്ളം കുടിക്കുന്ന പാത്രങ്ങൾ എന്നിവ വൃത്തിയായി സൂക്ഷിക്കണം. വളർത്തുമൃഗങ്ങളെ പാർപ്പിക്കുന്ന ഷെഡുകൾ മഴയിൽ തകരാതിരിക്കാൻ കേടുപാടുകൾ പരിഹരിക്കണം.

മൃഗങ്ങളെ വളർത്തുന്ന സ്ഥലങ്ങളിൽ അവശിഷ്ടങ്ങൾ, കെട്ടിക്കിടക്കുന്നവെള്ളം എന്നിവ നീക്കം ചെയ്ത് അണുബാധ സാദ്ധ്യത ഒഴിവാക്കണം. അണുബാധയുടേയോ ചർമ്മരോഗങ്ങളുടേയോ പ്രാരംഭലക്ഷണങ്ങൾ കണ്ടെത്താൻ മൃഗങ്ങളെ പതിവായി നിരീക്ഷിക്കണം. ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സിക്കണം. തീറ്റയും പുല്ലും ഉണങ്ങിയതും മൂടിയതുമായ സ്ഥലങ്ങളിൽ സൂക്ഷിക്കണം. തീറ്റയിൽ ഈർപ്പം തങ്ങരുത്. ഫംഗസ്ബാധയോ കേടുപാടുകളോ ഇല്ല എന്ന് ഉറപ്പാക്കണം. അകിടുവീക്കം, ചർമ്മരോഗങ്ങൾ, മറ്റ് മഴക്കാല ആരോഗ്യപ്രശ്‌നങ്ങൾ എന്നിവ തടയാൻ മൃഗങ്ങളുടെ കൂടുകൾ എപ്പോഴും വൃത്തിയാക്കണം. ഈർപ്പവും ചെളി നിറഞ്ഞതുമായ സാഹചര്യങ്ങളിൽ മൃഗങ്ങൾ ദീർഘനേരം കഴിയുന്നത് ഒഴിവാക്കണം.

ശ്രദ്ധിക്കേണ്ടവ

 ഇടിമിന്നലുള്ളപ്പോൾ മൃഗങ്ങളെ തുറസായസ്ഥലങ്ങളിൽ നിറുത്തരുത്  വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ മൃഗങ്ങളെ കെട്ടരുത്  ദുർബലമായ ഷെഡുകളും മേൽക്കൂരകളും തൂണുകളും ശക്തിപ്പെടുത്തണം  ഷെഡുകൾക്ക് മുകളിലെ അപകടകരമായ മരങ്ങളും ചില്ലകളും മുറിക്കണം  മേൽക്കൂരകളിൽ വെള്ളം കെട്ടിക്കിടക്കരുത്  കേടുവന്ന ഇലക്ട്രിക്കൽ വയറിംഗുകളും കണക്ഷനുകളും നന്നാക്കുക.

സുരക്ഷാ ഏകോപനത്തിന് കൺട്രോൾറൂം

കാലവർഷക്കെടുതി വിവരങ്ങൾ കൈമാറുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ കൺട്രോൾ റൂം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ആരംഭിച്ചു. ഫോൺ: 0474​279 5076. അടിയന്തരസാഹചര്യത്തിൽ കർഷകർക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസുമായോ താലൂക്കിലെ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർമാരെയോ അനിമൽ ഡിസീസ് കൺട്രോൾ പ്രോജെക്ട് ഓഫീസിലോ ബന്ധപ്പെടാം.